Wednesday, December 31, 2025

അയ്യനെ വണങ്ങാന്‍ ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്

ശബരിമല: മണ്ഡല പൂജക്ക് മൂന്ന് ദിവസം മാത്രം ബാക്കി നില്‍ക്കെ ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്. സന്നിധാനത്ത് തിരക്ക് കുറക്കുന്നതിനായി തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ നിലയ്ക്കലിലും പ്രധാന ഇടത്താവളങ്ങളിലും നിയന്ത്രിക്കുകയാണ്. നിശ്ചിത ക്രമത്തിലാണ് വാഹനങ്ങള്‍ കടത്തി വിടുന്നത്.

ഇന്നലെ മാത്രം ശബരിമലയില്‍ ദര്‍ശനം നടത്തിയത് ഒരു ലക്ഷം തീര്‍ത്ഥാടകരാണ്. കാനനപാതയിലൂടെയും കൂടുതല്‍ പേര്‍ ദര്‍ശനത്തിന് എത്തുന്നുണ്ട്. ഭക്തരുടെ നീണ്ട നിര മരക്കൂട്ടം വരെ നീളുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. തിരക്ക് ക്രമീകരിക്കാന്‍ വാഹനങ്ങള്‍ ഇടത്താവളങ്ങള്‍ മുതല്‍ പൊലീസ് നിയന്ത്രിച്ച് തുടങ്ങി. മണ്ഡലപൂജ കണക്കിലെടുത്ത് നാളെ മുതല്‍ കൂടുതല്‍ പൊലീസുകാരെ വിന്യസിക്കും.

അയ്യപ്പന് ചാര്‍ത്താനുള്ള തങ്കയങ്കിയും വഹിച്ചുള്ള ഘോഷയാത്ര വ്യാഴാഴ്ചയാണ് സന്നിധാനത്തെത്തുക. സൂര്യഗ്രഹണവുമായതിനാല്‍ ക്ഷേത്രനട അന്ന് രാവിലെ ഏഴര മുതല്‍ പതിനൊന്നര വരെ അടച്ചിടും. ഈ സമയത്ത് ദര്‍ശനമുണ്ടാവില്ല. ഘോഷയാത്ര ശരംകുത്തിയില്‍ എത്തിയതിന് ശേഷമേ പമ്പയില്‍ നിന്ന് അയ്യപ്പന്മാരെ സന്നിധാനത്തേക്ക് കടത്തിവിടുകയുള്ളൂ.

Related Articles

Latest Articles