Sunday, October 18, 2026

കനത്ത ജാഗ്രത ! രാജസ്ഥാനിലെ ടോങ്ക്-ജയ്പൂർ ദേശീയപാതയിൽ വൻ സ്ഫോടകവസ്തു ശേഖരം പിടികൂടി! 2 പേർ അറസ്റ്റിൽ

ടോങ്ക്: പുതുവത്സരത്തോടനുബന്ധിച്ച് പോലീസ് നടത്തിയ പ്രത്യേക പരിശോധനയിൽ രാജസ്ഥാനിലെ ടോങ്ക്-ജയ്പൂർ ദേശീയപാതയിൽ നിന്ന് വൻ സ്ഫോടകവസ്തു ശേഖരം പിടിച്ചെടുത്തു. ഇന്ന് വൈകുന്നേരം നടത്തിയ വാഹന പരിശോധനയ്ക്കിടെ ഒരു മാരുതി സിയാസ് കാറിൽ കടത്തുകയായിരുന്ന 150 കിലോ അമോണിയം നൈട്രേറ്റാണ് ബറോണി പോലീസ് കണ്ടെടുത്തത്. യൂറിയ ചാക്കുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്ഫോടകവസ്തുക്കൾ. അമോണിയം നൈട്രേറ്റിന് പുറമെ 200 സ്ഫോടക ബാറ്ററി യൂണിറ്റുകളും 1,100 മീറ്റർ ഇലക്ട്രിക് വയറുകളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് കാറിൽ സഞ്ചരിച്ചിരുന്ന സുരേന്ദ്ര, സുരേന്ദ്ര മോച്ചി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ജയ്പൂരിൽ നിന്ന് ബൂണ്ടി ഭാഗത്തേക്ക് പോകുകയായിരുന്നു വാഹണമെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. നവംബർ 10-ന് ദില്ലിയിലുണ്ടായ ചാവേർ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് അതീവ ജാഗ്രത നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ നിർണ്ണായക കണ്ടെത്തൽ. ദില്ലി സ്ഫോടനത്തിന് തൊട്ടുമുൻപായി ഫരീദാബാദിലെ വിവിധ ഇടങ്ങളിൽ നിന്ന് ആയിരക്കണക്കിന് കിലോ സ്ഫോടകവസ്തുക്കൾ പിടിച്ചെടുത്തിരുന്നു.

പിടിക്കപ്പെട്ട സ്ഫോടകവസ്തുക്കളുടെ ഉറവിടത്തെക്കുറിച്ചും ഇവ എവിടേക്കാണ് കൊണ്ടുപോയതെന്നതിനെക്കുറിച്ചും പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾക്ക് ഇത് സംബന്ധിച്ച വിവരങ്ങൾ കൈമാറിയിട്ടുണ്ട്. പുതുവത്സര ദിനത്തിൽ വലിയ തോതിലുള്ള അക്രമസംഭവങ്ങൾ ലക്ഷ്യമിട്ടാണോ സ്ഫോടകവസ്തുക്കൾ കടത്തിയതെന്ന് പോലീസ് പരിശോധിച്ചുവരികയാണ്. പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിലൂടെ സ്ഫോടകവസ്തുക്കൾ വിതരണം ചെയ്ത ശൃംഖലയെക്കുറിച്ച് വ്യക്തമായ സൂചന ലഭിക്കുമെന്നാണ് അധികൃതർ കരുതുന്നത്.

Related Articles

Latest Articles