മോസ്‌കോ : ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തിൽ അമേരിക്ക ഇടപെടൽ നടത്തി ഇറാനെ ആക്രമിച്ചതിന് പിന്നാലെ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറഖ്ച്ചി. സംഘർഷം രൂക്ഷമാകുന്ന പശ്ചാതലത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിർ പുടിനില്‍നിന്ന് കൂടുതല്‍ സഹായം അഭ്യര്‍ഥിക്കാനുള്ള ഒരുക്കത്തിലാണ് ഇറാന്‍. ദിമിത്രി മെദ്‌വദേവ് വ്യക്തമാക്കിയതിനു പിന്നാലെയാണ് പുടിനുമായുള്ള ഇറാന്‍ മന്ത്രിയുടെ കൂടിക്കാഴ്ച. ഇസ്രയേലിനും അമേരിക്കയ്ക്കുമെതിരെ കൂടുതല്‍ പിന്തുണയും സഹായങ്ങളും നല്‍കാന്‍ പുടിനെ നേരിട്ടുകണ്ട് ആവശ്യപ്പെടുകയാണ് ഈ സന്ദര്‍ശനത്തിന്റെ ലക്ഷ്യം. ഇക്കാര്യം പ്രതിപാദിച്ചുകൊണ്ടുള്ള ഖമേനിയുടെ കത്ത് പുതിന് കൈമാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇസ്രയേലും അമേരിക്കയും നടത്തിയ ആക്രമണങ്ങളില്‍ റഷ്യ അപലപിച്ചിട്ടുണ്ടെങ്കിലും, ഇറാന് ഇതുവരെ സൈനിക സഹായം വാഗ്ദാനം ചെയ്തിട്ടില്ല. നിലവില്‍ യുക്രെയ്‌നുമായി ദീര്‍ഘകാല സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന റഷ്യയ്ക്ക് ഇറാനെ സൈനികമായി സഹായിക്കുന്നതിൽ പരിമിതികളുണ്ട്.
ഇറാനെതിരേ ഏതെങ്കിലും തരത്തിലുള്ള സൈനിക നടപടി സ്വീകരിക്കുന്നതിനെതിരേ യുഎസിന് റഷ്യ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയായിരുന്നു അമേരിക്കയുടെ ആക്രമണം. അമേരിക്കൻ കടന്നുകയറ്റത്തെ ‘നിരുത്തരവാദപരം’ എന്നാണ് റഷ്യന്‍ വിദേശകാര്യമന്ത്രാലയം വിശേഷിപ്പിച്ചത്.

