Friday, June 14, 2024
spot_img

ഖാർകീവിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് റഷ്യ; ഭാരതീയ ജനതയ്‌ക്ക് അനുശോചനമറിയിച്ച് റഷ്യൻ അംബാസിഡർ

ദില്ലി: യുക്രൈനിയൻ നഗരമായ ഖാർകീവിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ട സംഭവം അന്വേഷിക്കുമെന്ന് പ്രഖ്യാപിച്ച് റഷ്യ. ഇന്ത്യയിലെ റഷ്യൻ അംബാസിഡറായി ഡെനിസ് അലിപോവ് ആണ് ഇക്കാര്യം അറിയിച്ചത്. കൊല്ലപ്പെട്ട നവീൻ ശേഖരപ്പയുടെ നിര്യാണത്തിൽ യുവാവിന്റെ കുടുംബത്തോടും ഇന്ത്യൻ ജനതയോടും റഷ്യ അനുശോചനം അറിയിക്കുന്നതായും അലിപോവ് പറഞ്ഞു.

യുക്രൈനിലെ സംഘർഷ മേഖലകളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ റഷ്യ സാധ്യമായതെല്ലാം ചെയ്യുമെന്നും. ഇതിനിടെയുണ്ടായ ദൗർഭാഗ്യകരമായ സംഭവത്തിൽ റഷ്യ ശരിയായ അന്വേഷണം നടത്താൻ ആഗ്രഹിക്കുന്നുവെന്നും റഷ്യൻ പ്രതിനിധി കൂട്ടിച്ചേർത്തു.

കൂടാതെ യുക്രൈനും റഷ്യയും തമ്മിലുള്ള വിഷയത്തിൽ ഇന്ത്യ സ്വീകരിച്ച സമത്വ നിലപാടിന് നന്ദിയുണ്ടെന്നും യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ മോസ്‌കോയുടെ പിന്തുണയുണ്ടാകുമെന്നും അംബാസിഡർ ഉറപ്പുനൽകി.

എന്നാൽ നേരത്തെ റഷ്യ മുഖേനയും ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ കേന്ദ്രസർക്കാർ അനുമതി തേടിയിരുന്നു. ഖാർകീവിലും മറ്റ് കിഴക്കൻ യുക്രൈയിലുമുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ നേരിടുന്ന പ്രതിസന്ധിക്ക് ഉപായം തേടിയാണ് റഷ്യയ്‌ക്ക് മുന്നിൽ ഇന്ത്യയുടെ അഭ്യർത്ഥനയുണ്ടായത്. ഇക്കാര്യം പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം ഉറപ്പുനൽകിയിട്ടുണ്ട്

കഴിഞ്ഞ ദിവസമാണ് കർണാടകയിലെ ഹവേരി ജില്ലയിലെ ചാലഗേരി സ്വദേശിയായ നവീൻ ശേഖരപ്പ ജ്ഞാനഗൗഡർ ഖാർകീവിൽ നടന്ന റഷ്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഖാർകീവ് നാഷണൽ മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ നാലാം വർഷ വിദ്യാർത്ഥിയായിരുന്നു നവീൻ.

Related Articles

Latest Articles