കീവ്: യുക്രെയിനെതിരെ യുദ്ധം ആരംഭിച്ച് റഷ്യ(Russia-Ukraine Conflict). ഇതോടെ കനത്ത യുദ്ധഭീതിയിലാണ് യൂറോപ്പ്. സൈനികനടപടിക്ക് റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിനാണ് ഉത്തരവിട്ടത്. സൈന്യത്തിനെ തടയാൻ ശ്രമിക്കുന്നവർക്ക് ചുട്ട മറുപടി കൊടുക്കുമെന്നും റഷ്യ എന്തിനും തയാറാണെന്നും പുടിൻ പ്രഖ്യാപിച്ചു. രാജ്യത്തിന് പുറത്ത് സൈനിക വിന്യാസം നടത്താൻ കഴിഞ്ഞ ദിവസം റഷ്യൻ പാർലമെന്‍റ് പുടിന് അനുമതി നൽകിയിരുന്നു. അതേസമയം യുക്രെയ്നിലെ ഡോൺ ബാസ് മേഖലയിലേക്ക് കടക്കാൻ സൈന്യത്തിന് നിർദേശം നൽകിയതായാണ് റിപ്പോർട്ട്.
യുദ്ധത്തിൽ ഇടപെടാൻ ശ്രമിക്കുന്ന മറ്റ് രാജ്യങ്ങൾക്ക് ഇതുവരെ കാണാത്ത പ്രത്യാഘാതം ഉണ്ടാകുമെന്നും പുടിൻ മുന്നറിയിപ്പ് നൽകി. അതോടൊപ്പം യുക്രെയ്ൻ സൈനികരോട് രക്തചൊരിച്ചിൽ ഒഴിവാക്കാൻ ആയുധംവച്ച് കീഴടങ്ങാൻ പുടിൻ ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്. വിഷയത്തിൽ യുക്രെയ്ൻ ഐക്യരാഷ്ട്ര സഭയുടെ സഹായം തേടി. യു.എൻ സുരക്ഷാസമിതി അടിയന്തര യോഗം ചേർന്നു. അതേസമയം യുക്രെയ്ൻ തലസ്ഥാനമായ കീവിൽ റഷ്യ വ്യോമാക്രമണം നടത്തി. കീവിൽ ആറിടത്താണ് ആക്രമണം നടത്തിയത്.

