യുക്രെയിനുമായുള്ള അതിർത്തിയിൽ നിന്ന് ഏകദേശം 110 കിലോമീറ്റർ കിഴക്കായി വിന്യാസം ഒരുക്കി (Russia) റഷ്യ. തങ്ങൾ യുദ്ധത്തിലേക്ക് നീങ്ങില്ലെന്ന് പറയുമ്പോഴും അതിർത്തിയിലേക്ക് സേനാ വിന്യാസം കൂട്ടുകയാണ് റഷ്യ. ഇതേ തുടർന്ന് റഷ്യയുടെ സൈന്യം അധിനിവേശ ശ്രമം നടത്തിയാൽ വലിയ പ്രത്യാഘാതം തന്നെ നേരിടേണ്ടി വരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
റഷ്യൻ സൈനികരുടെ തുടർച്ചയായ ബിൽഡ്-അപ്പ്, അവർ നിലയുറപ്പിച്ച രീതി, അധിനിവേശത്തിന് തുടക്കമിട്ടേക്കാവുന്ന സൈനികാഭ്യാസങ്ങളുടെ തുടക്കം എന്നിവ റഷ്യ, ഉക്രൈനെ അക്രമിക്കാനുള്ള തയ്യാറെടുപ്പുകള്‍ക്ക് തുടക്കമിട്ടതിന്‍റെ സൂചനയാണെന്ന യുഎസ് മുന്നറിയിപ്പ് നല്‍കുന്നു. യുക്രൈന്‍റെ അതിർത്തിയിൽ റഷ്യ 100000 സൈനികരെ വിന്യസിച്ചിട്ടുണ്ട്. എന്നാല്‍ ആക്രമിക്കാന്‍ ഉദ്ദേശ്യമില്ലെന്നാണ് വിശദീകരണം. അധിനിവേശ മുന്നറിയിപ്പുകൾ പരിഭ്രാന്തി ഉളവാക്കുമെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്ളോഡിമർ സെലെൻസ്‌കി പറഞ്ഞു.
സംഘർഷ സാഹചര്യം നേരിടാന്‍ നയതന്ത്ര നീക്കങ്ങളും ഊർജിതമായി. ഇന്നലെ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ എന്നിവർ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി ഫോണിൽ സംസാരിച്ചു. അതേ സമയം, യുക്രെയിനെതിരെ റഷ്യ ബോംബാക്രണമോ മിസൈൽ ആക്രമണമോ നടത്താൻ സാദ്ധ്യതയുള്ളതായി യു.എസ് നാഷണൽ സെക്യൂരിറ്റി ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

