റാന്നി: ശബരിഗിരി ജലവൈദ്യുതി പദ്ധതിയുടെ ആറാം നമ്പര്‍ ജനറേറ്ററിന് തീപിടിച്ചു. ജനറേറ്ററിന്റെ പ്രവര്‍ത്തനം പൂർണ്ണമായി തകരാറിലായി. വൈദ്യുതി ഉത്പാദനത്തില്‍ ഇതുമൂലം 60 മെഗാവാട്ട് കുറവ് വരുമെന്നാണ് സൂചന.
ഇതിന് മുമ്പ് നാലാം നമ്പര്‍ ജനറേറ്റര്‍ കത്തിയിരുന്നു. ഇതോടെ വൈദ്യുതി ഉത്പാദനത്തില്‍ മൊത്തം 115 മെഗാവാട്ട് കുറവ് വരും. എന്നാല്‍ ലോഡ് ഷെഡ്ഡിംഗ് ഉണ്ടാകില്ലെന്നാണ് ലഭിക്കുന്ന സൂചന.
പ്രതിവര്‍ഷം 1338 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ് ശബരിഗിരി ജലവൈദ്യുതപദ്ധതി. പത്തനംതിട്ട മൂഴിയാറിലാണ് ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ ശബരിഗിരി സ്ഥിതിചെയ്യുന്നത്. കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജലവൈദ്യുതപദ്ധതി കൂടിയാണിത്. പദ്ധതിയില്‍ 5 ജലസംഭരണികളും 7 അണക്കെട്ടുകളും ഒരു പവര്‍ ഹൗസും ഉള്‍പ്പെടുന്നു.

