ശബരിമല സ്വർണക്കൊള്ളക്കേസില്‍ ഇന്ന് അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാർ റിമാൻഡിൽ. അടുത്ത മാസം 12വരെയാണ് റിമാൻ്റ് കാലാവധി. തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയാണ് പ്രതിയെ റിമാൻ്റ് ചെയ്തത്. വിജയകുമാർ സമർപ്പിച്ച ജാമ്യപേക്ഷ ഈ മാസം 31 ന് പരിഗണിക്കും. ഉണ്ണികൃഷ്‌ണൻ പോറ്റിക്കുവേണ്ടി ബോർഡ് പ്രസിഡൻ്റായിരുന്ന പത്മകുമാറിനൊപ്പം വിജയകുമാറും ഗൂഢാലോചന നടത്തിയെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. രേഖകളിൽ കൃത്രിമം നടത്തിയെന്നും ബോർഡിന് നഷ്‌ടമുണ്ടാക്കാനായി പ്രതികൾ സഹകരിച്ചുവെന്നും അന്വേഷണ സംഘം കണ്ടെത്തി.
ദേവസ്വം ബോർഡ് മുൻ അംഗമാണ് എൻ വിജയകുമാർ. ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണ്ണപ്പാളി കൊടുത്തുവിടാൻ തീരുമാനമെടുത്തതിൽ ബോർഡ് പ്രസിഡൻ്റായിരുന്ന പത്മകുമാറിനൊപ്പം വിജയകുമാറിനും പങ്കുണ്ടെന്ന് കണ്ടെത്തിയാണ് അറസ്റ്റ്. മുൻകൂർ ജാമ്യാപേക്ഷ നൽകിയ ശേഷം സുഹൃത്തിൻ്റെ വീട്ടിലേക്ക് മാറിയ വിജയകുമാർ ഉച്ചയോടെ എസ്ഐടി ഓഫീസിൽ ഹാജരാകുകയായിരുന്നു. സെക്രട്ടറിയേറ്റിലെ സിപിഎം സംഘടനയുടെ പ്രസിഡൻ്റായിരുന്നു വിജയകുമാർ.
കേസിൽ ബോർഡിലെ എല്ലാ അംഗങ്ങൾക്കും തുല്യ ഉത്തരവാദിത്തം ഉണ്ടെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. ശങ്കർദാസിലേക്കും വിജയകുമാറിലേക്കും അന്വേഷണം എത്താത്തതിൽ എസ്ഐടിയെ ഹൈക്കോടതി വിമർശിച്ചിരുന്നു. ഇതിനെ തുടർന്ന് അറസ്റ്റിന് സാധ്യത തെളിഞ്ഞതോടെയാണ് ഇരുവരും മുൻകൂർ ജാമ്യത്തിന് നീക്കം നടത്തുകയും ചെയ്തതത്. പിന്നാലെയാണ് വിജയകുമാറിന്‍റെ അറസ്റ്റ് ഉണ്ടായത്.

