Saturday, May 18, 2024
spot_img

ശബരിമലയെ ദേശീയ തിരഞ്ഞെടുപ്പിലെ ചൂടേറിയ ചർച്ചാവിഷയമാക്കി ബിജെപി;ആചാര സംരക്ഷണ വിഷയത്തിൽ കോൺഗ്രസ് -സിപിഎം ഒത്തുകളിയെന്നും ആരോപണം

മലയാളത്തിലെ ചില സ്വകാര്യ വാർത്താചാനലുകൾ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ സർവേയിൽ ശബരിമല വിഷയം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ചർച്ചയ്‌ക്കു വഴി വയ്ക്കുന്ന വിഷയമേ അല്ല എന്നായിരുന്നു റിപ്പോർട്ട് .എന്നാൽ ഈ വാദമുഖങ്ങളെ പാടെ പൊളിച്ചടുക്കി ഇന്ത്യ മുഴുവൻ ഈ തിരഞ്ഞെടുപ്പ് കാലത്തു ചൂടേറിയ ചർച്ചയ്ക്കുള്ള വിഷയമായി മാറുകയാണ് ശബരിമല .

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയം ഭാഷയും ദേശവും അതിർത്തിയും കടന്ന് മറ്റു ഇന്ത്യൻ സംസ്ഥാനങ്ങളിലും ബിജെപിയുടെ തിരഞ്ഞെടുപ്പ് റാലികളിൽ ചൂടേറിയ ചർച്ചാവിഷയമാകുന്നു.ബിജെപി പ്രകടനപത്രികയിൽ ശബരിമലയിലെ ആചാരസംരക്ഷണം ഉൾപ്പെടുത്തിയ ശേഷം ഇന്നലെ മൈസൂരിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിലും പ്രധാനമന്ത്രി ഉയർത്തിക്കാട്ടിയത് ശബരിമല വിഷയം തന്നെയായിരുന്നു .ശബരിമല ആചാര സംരക്ഷണ വിഷയത്തിൽ കോൺഗ്രസ് -സിപിഎം ഒത്തുകളി ആരോപിച്ച പ്രധാനമന്ത്രി ,വിശ്വാസികളെ ജയിലിൽ അടച്ച കമ്യൂണിസ്റ്റ് സർക്കാരിന്‍റെ നടപടികളെ കോൺഗ്രസ് അധ്യക്ഷൻ പിന്തുണച്ചുവെന്നും പറഞ്ഞു .

ശബരിമലയിലെ പൂജാവിധികളെയും ആചാരങ്ങളെയും കുറിച്ച് വിശദമായി സുപ്രീം കോടതിയെ ബോധ്യപ്പെടുത്തുമെന്നും വിശ്വാസത്തിന് ഭരണഘടനാ സംരക്ഷണം ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇതിനു ശേഷമാണ് സിപിഎമ്മിനെതിരെ ഒന്നും പറയില്ലെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയെ മോദി ശബരിമല വിഷയത്തിലെ കോൺഗ്രസ് നിലപാടുമായി ചേർത്തുവച്ചത്.

‘വിശ്വാസികളെ ലാത്തിച്ചാർജ് ചെയ്യുകയും ജയിലിൽ അടക്കുകയുമാണ് കേരളത്തിലെ കമ്യൂണിസ്റ്റ് സർക്കാർ ചെയ്തത്.കോൺഗ്രസ് അധ്യക്ഷൻ അതിനെ പിന്തുണച്ചു. കേരളത്തിൽ മത്സരിക്കാനെത്തിയ ശേഷം അദ്ദേഹം ആദ്യം പറഞ്ഞത് കമ്യൂണിസ്റ്റുകൾക്കെതിരെ ഒന്നും പറയില്ലെന്നാണ്. കോൺഗ്രസിന്‍റെ യഥാർത്ഥമുഖം ഇതിലൂടെ വ്യക്തമായെന്നും മോദി തുറന്നടിച്ചു .

ബിജെപി പ്രകടന പത്രിക പ്രകാശനവേളയിൽ ബിജെപി ദേശീയാധ്യക്ഷൻ അമിത്ഷായും ശബരിമല വിഷയം ഉയർത്തിക്കാട്ടിയിരുന്നു.

വരും ദിവസങ്ങളിലും കേരളത്തിലും ദേശീയ തലത്തിലും തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ ശബരിമല വിഷയം വലിയ തോതിൽ ചർച്ചചെയ്യപ്പെടുമെന്ന് ഉറപ്പാണ്.

Related Articles

Latest Articles