Saturday, September 26, 2026

ശബരിമല നട ഇന്ന് തുറക്കും: പടിപൂജയും ഉദയാസ്‍തമയ പൂജയും ഒഴിവാക്കി; തീർഥാടകർക്ക് നിയന്ത്രണം

ശബരിമല: മീന മാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി എ കെ.സുധീർ നമ്പൂതിരി വൈകിട്ട് 5നു നട തുറന്ന് ദീപങ്ങൾ തെളിക്കും. കോവിഡിന്‍റെ പശ്ചാത്തലത്തിൽ വിശേഷാൽ വഴിപാടായ ഉദയാസ്തമന പൂജയും പടിപൂജയും ഒഴിവാക്കികൊണ്ടാണ് ഇത്തവണ മീനമാസ പൂജകള്‍. ക്ഷേത്രത്തിലെ ചടങ്ങുകളായ ഗണപതിഹോമം, നെയ്യഭിഷേകം, ഉഷപൂജ, ഉച്ചപൂജ, ദീപാരാധന, അത്താഴ പൂജ എന്നിവ മാത്രമേ ഉണ്ടാകൂ.

ജാഗ്രതാ നിർദേശത്തിന്‍റെ ഭാഗമായി തീർഥാടകർക്ക് സന്നിധാനത്ത് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അപ്പം, അരവണ വഴിപാട് കൗണ്ടറുകൾ തുറക്കില്ല. തീർത്ഥാടകർക്ക് പമ്പയിലും സന്നിധാനത്തും താമസിക്കാൻ മുറികൾ നൽകില്ല. വ്യാപാരസ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും നിയന്ത്രണം ബാധകമാണ്. പമ്പ, സന്നിധാനം, നിലയ്ക്കൽ എന്നിവിടങ്ങളിലെ ഹോട്ടലുകളും മറ്റ് കടകളും തുറക്കില്ല. സന്നിധാനം, പമ്പ, നീലിമല, അപ്പാച്ചിമേട് എന്നിവിടങ്ങളിലെ ആശുപത്രികൾ തുറക്കില്ല. ദേവസ്വം ബോർഡ്, അയ്യപ്പ സേവാസംഘം എന്നിവരുടെ അന്നദാനവും ഉണ്ടാകില്ല.

Related Articles

Latest Articles