Thursday, May 2, 2024
spot_img

ശബരിമല നട തുറന്നു: നിറപുത്തരി പൂജ നാളെ

ശബരിമല: ഭക്തിനിർഭരമായ, ഇത്തവണത്തെ നിറപുത്തരി പൂജയ്ക്കായി ശബരിമല ധർമ്മശാസ്താ ക്ഷേത്രനട തുറന്നു .ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ സാന്നിധ്യത്തിൽ മേൽശാന്തി വി. എൻ.വാസുദേവൻ നമ്പൂതിരി ക്ഷേത്ര ശ്രീകോവിൽ നട തുറന്ന് അയ്യപ്പനു മുന്നിലെ ദീപങ്ങൾ തെളിയിച്ചതോടെയാണ് നിറപുത്തരി പൂജകള്‍ക്ക് തുടക്കമായത്. നാളെ രാവിലെ 5.45 മണി മുതല്‍ 6.15 മണിക്കകമുള്ള ശുഭ മുഹൂർത്തത്തിൽ കലിയുഗവരദസന്നിധിയിൽ നിറപുത്തരി പൂജ നടക്കും.

തുടർന്ന് ഭക്തർക്ക് ശ്രീകോവിലിൽ പൂജിച്ച സ്വർണ്ണവർണ്ണ നെൽക്കതിരുകൾ പ്രസാദമായി വിതരണം ചെയ്യും. പതിവ് പൂജകൾക്കും നെയ്യഭിഷേകത്തിനും ശേഷം ഉച്ചക്ക് 1 മണിക്ക് നട അടയ്ക്കും.വൈകിട്ട് 5ന് നട തുറക്കൽ. 6.30ന് ദീപാരാധന.7 ന് പടിപൂജ.8 മണി മുതൽ പുഷ്പാഭിഷേകം. 9.30 ന് അത്താഴപൂജ കഴിഞ്ഞ് ഹരിവരാസനം പാടി 10 മണിക്ക് പൊന്നമ്പലത്തിൻ ശ്രീകോവിൽ നട അടയ്ക്കും. ചിങ്ങമാസ പൂജകൾക്കായി ഓഗസ്ത് 16ന് വൈകുന്നേരം 5 മണിക്ക് ക്ഷേത്രനട തുറക്കും.മാസ പൂജ സമയത്ത് അയ്യപ്പഭക്തരുമായി വരുന്ന സ്വകാര്യ വാഹനങ്ങൾക്ക് പമ്പയിലേക്ക് പ്രവേശനം അനുവദിച്ചതോടെ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള അയ്യപ്പഭക്തരുടെ തിരക്ക് ഏറിയിട്ടുണ്ട്‌.

Related Articles

Latest Articles