Saturday, October 3, 2026

ശബരിമല മകരവിളക്ക് തീര്‍ത്ഥാടനത്തിന് തുടക്കമായി; ഭക്തർക്ക് നാളെ മുതൽ ദർശനം; എരുമേലി കാനനപാത വഴി തീർത്ഥാടകരെ പ്രവേശിപ്പിക്കും.

പത്തനംതിട്ട:മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ക്ഷേത്ര നട‌ തുറന്നു. ഭസ്മാഭിഷക്തനായ അയ്യപ്പസ്വാമിയുടെ പുണ്യരൂപം ആനന്ദ ദർശനമായി. വെള്ളിയാഴ്ച മുതൽ തീർഥാടകരുടെ വരവ് തുടങ്ങും. മകരവിളക്കു കാലത്തെ നെയ്യഭിഷേകത്തിനു വെള്ളിയാഴ്ച തുടക്കമാകും.

ഇന്ന് വൈകിട്ട് അഞ്ച് മണിക്കാണ് ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്ര നട തുറന്നത്. ഇതോടെ മകരവിളക്ക് ഉൽസവത്തിനും തുടക്കമായി. മണ്ഡലപൂജയ്ക്ക് ശേഷം കഴിഞ്ഞ 26ന് നട അടച്ചിരുന്നു. ഇന്ന് നട തുറന്നെങ്കിലും നാളെ പുലര്‍ച്ചെമുതൽ മാത്രമെ തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിന് അനുമതിയുള്ളൂ.

ജനുവരി 14 നാണ് മകരവിളക്ക്. ജനുവരി 19 വരെ തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിന് അവസരമുണ്ടാകും. 19 ന് രാത്രി മാളികപ്പുറത്ത് ഗുരുതി നടക്കും.
ഒരു ഇടവേളയ്ക്കുശേഷം എരുമേലി കാനന പാതയിലൂടെ വീണ്ടും തീര്‍ത്ഥാടകര്‍ക്ക് സഞ്ചരിക്കാനുള്ള അനുമതി നല്‍കിയിട്ടുണ്ട്.

നാളെ രാവിലെ മുതല്‍ തീര്‍ത്ഥാടകര്‍ക്കായി പാത തുറന്നുനല്‍കും. കാനനപാതവഴിയുള്ള യാത്രാ ഉദ്ഘാടനം ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ.കെ.അനന്തഗോപൻ എരുമേലിയിൽ നിർവ്വഹിക്കും.

കാനനപാതയില്‍ യാത്രാ സമയത്തിന് നിയന്ത്രണമുണ്ട്. എരുമേലി കോഴിക്കാല്‍ക്കടവില്‍നിന്നും രാവിലെ 5.30 നും 10.30 നും ഇടയിലേ കാനന പാതയിലേക്ക് തീര്‍ത്ഥാടകര്‍ക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ. അഴുതക്കടവിലും മുക്കുഴിയിലും രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 12 മണി വരെയാണ് പ്രവേശനം നല്‍കുക.

ഈ മേഖലകളില്‍ ആവശ്യമായ രേഖകളുടെ പരിശോധനയും ഉണ്ടാകും. തീര്‍ത്ഥാടകര്‍ക്ക് കൂട്ടായും ഒറ്റയ്ക്കും വരാമെങ്കിലും ബാച്ചുകളായി മാത്രമേ കാനന പാതയിലൂടെ സന്നിധാനത്തേക്ക് പോകാന്‍ അനുവദിക്കൂ. വൈകിട്ട് അഞ്ചിന് ശേഷം കാനന പാതയിലൂടെ സഞ്ചാരം അനുവദിക്കില്ല.

വലിയാനവട്ടം, കരിമല, കല്ലിടാംകുന്ന് എന്നിവിടങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് വിരി വയ്ക്കാന്‍ സൗകര്യമാരുക്കിയിട്ടുണ്ട്. വനം വകുപ്പിന്റെ എട്ട് ഇടത്താവളങ്ങളില്‍ കടകളും ലഘുഭക്ഷണശാലകളും ഒരുക്കിയിട്ടുണ്ട്. മുക്കുഴിയിലും കരിമലയിലും ആശുപത്രി സംവിധാനം ഒരുക്കിയിട്ടുണ്ട്. മാമ്പാടി, കല്ലിടാംകുന്ന്, കരിയിലാംതോട്, മഞ്ഞപ്പൊടിത്തട്ട് എന്നിവിടങ്ങളില്‍ ഓരോ എമര്‍ജന്‍സി മെഡിക്കല്‍ കെയര്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കും.

പ്രവേശന സമയം കഴിഞ്ഞെത്തുന്ന അയ്യപ്പഭക്തൻമാരെ കാനനപാതയിലൂടെ കടത്തിവിടുകയില്ല. ജനുവരി 11ന് ചരിത്രപ്രസിദ്ധമായ എരുമേലി പേട്ട നടക്കും. ജനുവരി 12 ന് പന്തളം ക്ഷേത്രത്തിൽ നിന്ന് തിരുവാഭരണ ഘോഷയാത്ര പുറപ്പെടും. 14 ന് ആണ് മകരജ്യോതി ദർശനവും മകരവിളക്കും.

Related Articles

Latest Articles