Monday, May 13, 2024
spot_img

ശബരിമല പുനഃപരിശോധനാ ഹര്‍ജികളില്‍ വിധി ഉടനെന്ന് സൂചന; യുവതി പ്രവേശനം വിലക്കിയ വിജ്ഞാപനം ചോദിച്ചു വാങ്ങി ചീഫ് ജസ്റ്റിസ്

ദില്ലി : ശബരിമലയിലെ യുവതി പ്രവേശനത്തിന് അനുകൂലമായ സുപ്രീംകോടതി വിധിക്കെതിരെ നല്‍കിയ അമ്പതോളം പുനഃപരിശോധന ഹര്‍ജികളില്‍ ഉടന്‍ വിധിയുണ്ടായേക്കുമെന്ന് സൂചന. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് നവംബര്‍ 17 ന് വിരമിക്കാനിരിക്കുകയാണ്. അതിന് മുമ്പ് ശബരിമല യുവതി പ്രവേശന കേസിലെ പുനഃപരിശോധന ഹര്‍ജികളില്‍ സുപ്രീം കോടതിയില്‍ നിന്ന് വിധി ഉണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പായിരുന്നു. നവംബര്‍ തുടക്കത്തില്‍ തന്നെ കോടതി ഹര്‍ജികള്‍ പരിഗണിച്ച് വിധി പറയുമെന്ന് സൂചനയാണ് ചീഫ് ജസ്റ്റിലില്‍ നിന്ന് ഉണ്ടായിരിക്കുന്നത്.

ശബരിമലയുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ പഠിക്കുന്നതിന്‍റെ ഭാഗമായി ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുന്നത് വിലക്കിയ വിജ്ഞാപനം ചീഫ് ജസ്റ്റിസ് ചോദിച്ചു വാങ്ങി. ശബരിമല യുവതി പ്രവേശനം അനുവദിച്ച വിധിക്ക് എതിരെ നല്‍കിയ പുനഃപരിശോധന ഹര്‍ജികളില്‍ വാദം കേട്ട ഭരണഘടന ബെഞ്ചില്‍ പുതുതായി ഉള്‍പ്പെട്ട അംഗം ആണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്.

സംസ്ഥാന സര്‍ക്കാരിനോട് ആയിരുന്നു യുവതി പ്രവേശനം വിലക്കിയ വിജ്ഞാപനം ആദ്യം ആവശ്യപ്പെട്ടത്. എന്നാല്‍ സര്‍ക്കാരിന്‍റെ പക്കല്‍ വിജ്ഞാപനങ്ങളുടെ പൂര്‍ണ്ണ രൂപം ഇല്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ദേവസ്വം ബോര്‍ഡിനോട് കോടതി ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് 1955-ലും 1956-ലും ഇറക്കിയ വിജ്ഞാപനം സുപ്രീം കോടതിക്ക് കൈമാറുകയായിരുന്നു. പൂജ അവധിക്ക് കോടതി പിരിയുന്നതിന് തൊട്ട് മുമ്പ് ഉള്ള ദിവസങ്ങളില്‍ വിജ്ഞാപനങ്ങളുടെ പകര്‍പ്പ് കോടതിക്ക് കൈമാറിയിട്ടുണ്ട്.

വിജ്ഞാപനങ്ങളുടെ പകര്‍പ്പ് ജഡ്ജസ് ലൈബ്രറി ചീഫ് ജസ്റ്റിസിന് കൈമാറി എന്നാണ് റിപ്പോര്‍ട്ട്. ശബരിമല യുവതി പ്രവേശന വിലക്ക് സാധൂകരിക്കാന്‍ ഭരണഘടനാ ബെഞ്ചിലെ അംഗം ആയിരുന്ന ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ഏറ്റവും അധികം ഉദ്ധരിച്ചിരുന്നത് 1955 ലും 56 ലും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പുറത്ത് ഇറക്കിയ വിജ്ഞാപനങ്ങളെ ആയിരുന്നു. എന്നാല്‍ ഈ വിജ്ഞാപനങ്ങള്‍ ഭരണഘടനാ വിരുദ്ധം ആണെന്ന നിലപാട് ആണ് ബെഞ്ചിലെ മറ്റ് നാല് അംഗങ്ങള്‍ സ്വീകരിച്ചിരുന്നത് .

ശബരിമലയിലെ യുവതി പ്രവേശം പരിശോധിച്ച സുപ്രീംകോടതിയിലെ അഞ്ചംഗ ഭരണഘടനാ ബഞ്ച് 2018 സെപ്റ്റംബര്‍ 28-ന് നല്‍കിയ വിധി പ്രകാരം ഏത് പ്രായത്തിലുമുള്ള വനിതകള്‍ക്ക് ഉപാധികളില്ലാതെയുള്ള പ്രവേശനം അനുവദിക്കുകയാണ് ചെയ്തത്. എന്നാല്‍ ശബരിമലയില്‍ യുവതീ പ്രവേശനത്തിന് അനുമതി നല്‍കിയ വിധിക്കു ശേഷം ഒരംഗത്തിന്‍റെ വിയോജിപ്പോടുകൂടിയ ഭൂരിപക്ഷ വിധിയായിരുന്നു ഇത്. അന്നത്തെ ചീഫ് ജസ്റ്റിസ് ആയിരുന്ന ദീപക് മിശ്ര, ജസ്റ്റിസ് ആര്‍ എഫ് നരിമാന്‍, ജസ്റ്റിസ് എ എം ഖന്‍വില്‍ക്കര്‍, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര എന്നിവരായിരുന്നു ബെഞ്ചില്‍ ഉണ്ടായിരുന്നത്. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ഭൂരിപക്ഷ വിധിയോട് വിയോജിച്ചു.

സുപ്രീം കോടതിയുടെ വിധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ വിശ്വാസി സമൂഹത്തില്‍ നിന്ന് കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. മണ്ഡലകാലത്ത് ശബരിമലയില്‍ പോലീസ് നരനായാട്ട് അടക്കം അരങ്ങേറി. വിധിക്കെതിരേ ഒരുഘട്ടത്തിലും പുനപരിശോധന ഹര്‍ജി നല്‍കാന്‍ സര്‍ക്കാരോ ദേവസ്വം ബോര്‍ഡോ മുതിര്‍ന്നില്ല. പിന്നീടാണ് ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവര്, പന്തളം രാജകുടുംബം, എന്‍ എസ് .എസ് തുടങ്ങി കേസിലെ കക്ഷികളും കക്ഷികളല്ലാത്തവരുടേതുമായി 49 പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീം കോടതിയില്‍ എത്തയത്.

വിശ്വാസത്തിനുള്ള മൗലിക അവകാശത്തിന് എതിരായാണ് സുപ്രീംകോടതി വിധിയെന്ന് ചൂണ്ടിക്കാട്ടിയുള്ളതായിരുന്നു പുനഃപരിശോധന ഹര്‍ജികള്‍. ഭരണഘടന ബെഞ്ചിന്‍റെ വിധിയില്‍ ഗുരുതരമായ പിഴവുണ്ടെന്നും 14ാം അനുഛേദം അനുസരിച്ച് ആചാരാനുഷ്ടാനങ്ങള്‍ പരിശോധിച്ചാല്‍ മതങ്ങള്‍ തന്നെ ഇല്ലാതാകും എന്നും ഹര്‍ജികളില്‍ പറഞ്ഞിരുന്നു.

Related Articles

Latest Articles