Monday, December 22, 2025

ഒരു ഇന്ത്യക്കാരൻ എന്റെ റെക്കോർഡ് തകർത്തതില്‍ പരം സന്തോഷമില്ല ! പുതു ചരിത്രം കുറിച്ച കോഹ്ലിയെക്കുറിച്ച്‌ ഹൃദയസ്പർശിയായ കുറിപ്പുമായി സച്ചിൻ !

മുംബൈ: ഇന്ന് വാങ്കെഡയിൽ ന്യൂസിലാൻഡിനെതിരായ സെമി പോരാട്ടത്തിൽ തന്റെ അൻപതാം സെഞ്ചുറി കണ്ടെത്തി വിരാട് കോഹ്ലി ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ താരമെന്ന റെക്കോർഡ് കുറിച്ചപ്പോൾ തകർക്കപ്പെട്ടത് ക്രിക്കറ്റ് ഇതിഹാസം സാക്ഷാൽ സച്ചിൻ തെണ്ടുൽക്കറുടെ റെക്കോർഡായിരുന്നു. കോഹ്ലി സെഞ്ചുറി തികച്ചപ്പോൾ സ്റ്റേഡിയത്തിൽ എഴുന്നേറ്റ് നിന്ന് കരഘോഷം മുഴക്കി കോഹ്‌ലിയെ പ്രോത്സാഹിപ്പിച്ചവരിലും ഇന്ന് സച്ചിനുണ്ടായിരുന്നു.

ഇപ്പോൾ വിരാട് കോഹ്ലിയെ അഭിനന്ദിച്ച് സമൂഹ മാദ്ധ്യമത്തിൽ കുറിപ്പ് പങ്ക് വച്ചിരിക്കുകയാണ് സച്ചിന്‍ തെണ്ടുല്‍ക്കര്‍. ഒരു ഇന്ത്യക്കാരൻ തന്റെ റെക്കോർഡ് തകർത്തതിൽ സന്തോഷിക്കാതിരിക്കാനാകിന്നില്ലെന്നും ലോകകപ്പ് സെമി ഫൈനൽ പോലുള്ള വലിയ വേദിയിൽ തന്റെ ഹോം ​​ഗ്രൗണ്ടിലെ റെക്കോഡ് നേട്ടം ഇരട്ടി സന്തോഷം തരുന്നതാണെന്നും അദ്ദേഹം സമൂഹ മാദ്ധ്യമമായ എക്സിൽ കുറിച്ചു.

“ഇന്ത്യൻ ഡ്രസ്സിംഗ് റൂമിൽ വെച്ച് ഞാൻ നിങ്ങളെ ആദ്യമായി കണ്ടുമുട്ടിയപ്പോൾ, എന്റെ കാലിൽ തൊട്ടു വണങ്ങിയതിന് സഹതാരങ്ങൾ നിങ്ങളെ കളിയാക്കി. അന്ന് എനിക്ക് ചിരി അടക്കാനായില്ല. എന്നാൽ താമസിയാതെ, കഴിവും അഭിനിവേശവും കൊണ്ട് നിങ്ങൾ എന്റെ ഹൃദയത്തെ സ്പർശിച്ചു. അന്നത്തെ ആ കുട്ടി ‘വിരാട്’ എന്ന കളിക്കാരനായി വളർന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഒരു ഇന്ത്യക്കാരൻ എന്റെ റെക്കോർഡ് തകർത്തതില്‍ പരം സന്തോഷമില്ല . അതും ലോകകപ്പ് സെമി ഫൈനൽ പോലുള്ള വലിയ വേദിയിൽ, എന്റെ ഹോം ​​ഗ്രൗണ്ടിൽ തന്നെ” -സച്ചിൽ കുറിച്ചു

Related Articles

Latest Articles