കോട്ടയം- ബിഷപ്പുമാര്‍ക്കെതിരെ മന്ത്രി സജി ചെറിയാന്‍ നടത്തിയത് വളരെ മോശം പരാമര്‍ശമാണെന്നും മുഖ്യമന്ത്രിയുടെ അറിവോടെയാണ് സജി ചെറിയാൻ്റെ പരാമര്‍ശമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ഇഷ്ടമില്ലാത്ത ആളുകളെ അപഹസിക്കാന്‍ മുമ്പ് സി.പി.എം അണികളെ അഴിച്ച് വിട്ടിരിന്നു. ആ തൊഴിൽ ഇപ്പോൾ ചെയ്യുന്നത് മന്ത്രിമാരാണ്.
സജി ചെറിയാൻ്റെ പരാമര്‍ശങ്ങള്‍ തീര്‍ത്തും മോശമാണ്. അഭിപ്രായവ്യത്യാസം ഉണ്ടെങ്കില്‍ അത് നല്ല ഭാഷയില്‍ പറയാം. നവകേരള സദസില്‍ ഉടനീളെ പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയ ആളാണ് സജി ചെറിയാന്‍. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുമൊക്കെ ക്ഷണിക്കുമ്പോള്‍ ആളുകള്‍ പോകും. അത് തെറ്റാണെന്ന് പറയാനാകില്ല. നവകേരള സദസില്‍ മുഖ്യമന്ത്രിയുടെ പ്രഭാത ഭക്ഷണത്തില്‍ പങ്കെടുത്ത ആരെയും പ്രതിപക്ഷം കുറ്റം പറഞ്ഞിട്ടില്ല.
കേരളത്തെ പാരിസ്ഥിതികമായും സാമ്പത്തികമായും തകര്‍ക്കുന്ന കെ-റെയിൽ പദ്ധതി വെറും കമ്മീഷന് വേണ്ടി മാത്രം കൊണ്ടുവന്നതാണ്. സ്‌കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം കൊടുക്കാന്‍ കഴിവില്ലാത്ത സര്‍ക്കാരാണ് രണ്ട് ലക്ഷം കോടി മുടക്കി കെ.റെയില്‍ കൊണ്ട് വരാന്‍ പോകുന്നത്. ഇന്ത്യയിലെ ഒരു സംസ്ഥാനത്തിനും ഇല്ലാത്ത കനത്ത ബാദ്ധ്യതയാണ് കേരളത്തിനുളളതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

