Thursday, May 2, 2024
spot_img

സജി ചെറിയാൻ്റെ ക്രൈസ്തവ അവഹേളനം: മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് കെ. സുരേന്ദ്രൻ

തിരുവനന്തപുരം: മന്ത്രി സജി ചെറിയാൻ്റെ ക്രൈസ്തവ അവഹേളനത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വീഞ്ഞും കേക്കും പരാമർശം മാത്രമാണ് സജി ചെറിയാൻ പിൻവലിച്ചത്. തൻ്റെ നിലപാടിൽ മാറ്റമില്ലെന്നാണ് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞത്. ക്രൈസ്തവ നേതൃത്വത്തിനോടും വിശ്വാസികളോടും മുഖ്യമന്ത്രിക്കുള്ള പുച്ഛമാണ് മന്ത്രിയുടെ വാക്കുകളിലൂടെ പുറത്തെത്തിയത്. സഭാ നേതൃത്വം പ്രധാനമന്ത്രിയോട് എന്ത് പറയണമെന്ന് തീരുമാനിക്കേണ്ടത് മന്ത്രിയല്ലെന്ന് സജി ചെറിയാൻ മനസിലാക്കണം. മന്ത്രിക്ക് അത് മനസിലായില്ലെങ്കിൽ മുഖ്യമന്ത്രി പറഞ്ഞുകൊടുക്കണമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

നേരത്തെ ഭരണഘടനയെ അവഹേളിച്ചതിന് രാജിവെക്കേണ്ടി വന്ന വ്യക്തിയാണ് സജി ചെറിയാൻ. ഇത്തരം വിദ്വേഷ പ്രചരണങ്ങൾ പതിവാക്കിയ മന്ത്രിയെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ക്രൈസ്തവർ തങ്ങൾക്ക് അനുകൂലമായ രാഷ്ട്രീയ നിലപാട് മാത്രമേ സ്വീകരിക്കാവൂ എന്നാണ് മുഖ്യമന്ത്രിയുടേയും സി.പി.എമ്മിൻ്റെയും നിലപാട്. പാലാ ബിഷപ്പിനെതിരെയും തലശ്ശേരി ആർച്ച് ബിഷപ്പിനെതിരെയും നേരത്തെയും സി.പി.എം നേതാക്കൾ ഇത്തരം അവഹേളനം നടത്തിയിരുന്നു. കേരളത്തിൽ ക്രിസ്ത്യാനികൾക്കെതിരെ നടക്കുന്ന ലൗജിഹാദിനെതിരെയും ലാൻഡ് ജിഹാദിനെതിരെയും ക്രൈസ്തവ പുരോഹിതൻമാർ ശബ്ദിക്കരുതെന്നാണ് സി.പി.എമ്മിൻ്റെ തിട്ടൂരം.

എന്നാൽ ഇത്രയും വലിയ അധിക്ഷേപം നടന്നിട്ടും മുഖ്യപ്രതിപക്ഷമായ കോൺഗ്രസ് മിണ്ടാതിരിക്കുന്നത് അത്ഭുതപ്പെടുത്തുന്നു. മുസ്ലിം മതമൗലികവാദികളുടെ താത്പര്യങ്ങൾ മാത്രമാണ് കഴിഞ്ഞ കുറേക്കാലമായി കേരളത്തിലെ കോൺഗ്രസ് നേതാക്കളും സംരക്ഷിച്ചു പോരുന്നത്. ന്യൂനപക്ഷ ആനുകൂല്ല്യങ്ങളിൽ 80:20 അനുപാതം തിരുത്തണമെന്നും ക്രിസ്ത്യാനികൾക്ക് ജനസംഖ്യാടിസ്ഥാനത്തിൽ അർഹമായ ആനുകൂല്ല്യങ്ങൾ നൽകണമെന്നും ബി.ജെ.പി ആവശ്യപ്പെടുമ്പോൾ കോൺഗ്രസും സി.പി.എമ്മും അതിനെ എതിർക്കുകയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Related Articles

Latest Articles