Tuesday, May 14, 2024
spot_img

യത്തീംഖാനകള്‍ ബാലനീതി നിയമത്തിന്റെ കീഴില്‍; നിയമത്തിനെതിരെ സമസ്ത സുപ്രീം കോടതിയെ സമീപിച്ചു

ദില്ലി: യത്തീംഖാനകളെ ബാലനീതി നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്നതിനെതിരെ സമസ്ത സുപ്രീം കോടതിയെ സമീപിച്ചു. യത്തീംഖനകളെ ശിശുക്ഷേമ സ്ഥാപനങ്ങളായി രജിസ്റ്റര്‍ ചെയ്യുന്നത് യത്തീംഖാനകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് കാണിച്ചാണ് കേരളത്തില്‍നിന്ന് സുപ്രീം കോടതിയെ സമീപിച്ചത്.

ബാല നീതി നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്യേണ്ടി വന്നാല്‍ യത്തീംഖാനകള്‍ അടച്ചിടേണ്ടി വരും എന്നും സമസ്തയുടെ അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് ഹര്‍ജികള്‍ പ്രത്യേകമാ
യി പരിഗണിക്കാന്‍ തീരുമാനിച്ചത്.

2015ലെ ബാലനീതി നിയമ പ്രകാരം ശിശുക്ഷേമ സ്ഥാപനങ്ങളായി അനാഥാലയങ്ങളെ രജിസ്റ്റര്‍ ചെയ്യുന്നതിന് നടപടി സ്വീകരിക്കാന്‍ ജസ്റ്റിസ് മദന്‍ ബി ലോകൂര്‍, ജസ്റ്റിസ് ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് 2017ല്‍ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍പ്രവര്‍ത്തിക്കുന്ന യത്തീംഖാനകള്‍ അടക്കമുള്ള അനാഥാലയങ്ങള്‍ ബാലനീതി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവിനെതിരെ സമസ്ത യത്തീംഖാന കോര്‍ഡിനേഷന്‍ കമ്മിറ്റി സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു.

എന്നാല്‍ അനാഥാലയങ്ങളുമായി ബന്ധപ്പെട്ട പൊതുതാത്പര്യ ഹര്‍ ജികളില്‍ വിധി പ്രഖ്യാപിച്ചതിനാല്‍ സമസ്തയുടെ ഹര്‍ജി പ്രത്യേകമായി ലിസ്റ്റ് ചെയ്യാന്‍ സുപ്രീംകോടതി രജിസ്ട്രി തയ്യാറായിരുന്നില്ല. തുടര്‍ന്നാണ് മുന്‍ ഉത്തരവില്‍ ഭേദഗതിയും വ്യക്തതയും ആവശ്യപ്പെട്ട് സമസ്ത സുപ്രീംകോടതിയെ വീണ്ടും സമീപിച്ചത്.

1960ലെ അനാഥ- അഗതി മന്ദിര നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള യത്തീംഖാനകളെ 2015ലെ ബാലനീതി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്നാണ് സമസ്തയുടെ വാദം. ബാലനീതി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്താല്‍ യത്തീംഖാനകളില്‍ മജിസ്റ്റിരിയല്‍ അന്വേഷണം പോലുള്ളവ ഉണ്ടാകുമെന്നും ഹര്‍ജിയില്‍ സമസ്ത ആരോപിക്കുന്നു. ഇതേതുടര്‍ന്നാണ് സമസ്തയുടെ ഹര്‍ജി പ്രത്യേകമായി പരിഗണിക്കാന്‍ തീരുമാനിച്ചത്.

ബാലനീതി നിയമത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്ന ശിശുക്ഷേമ സ്ഥാപനത്തിന്റെ പരിധിയില്‍ തങ്ങള്‍ വരില്ലെന്ന് വ്യക്തമാക്കി തോട്ടമുഖം ആനന്ദ്ഭവന്‍ നല്‍കിയ ഹര്‍ജിയും ഇതോടൊപ്പം പരിഗണിക്കാന്‍ ജസ്റ്റിസ് ദീപക് ഗുപ്ത അധ്യക്ഷനായ ബെഞ്ച് തീരുമാനിച്ചു.

Related Articles

Latest Articles