Tuesday, September 22, 2026

ശാരദ ചിട്ടി തട്ടിപ്പുകേസ്: രാജീവ് കുമാര്‍ ഹാജരായില്ല

ന്യൂഡല്‍ഹി: ശാരദ ചിട്ടി തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് മുന്‍ കോല്‍ക്കത്ത പോലീസ് കമ്മീഷണര്‍ രാജീവ് കുമാര്‍ സിബിഐയ്ക്ക് മുന്‍പാകെ ഹാജരായില്ല. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് സിബിഐ അദ്ദേഹത്തിന് നോട്ടീസ് അയച്ചിരുന്നു.

തിങ്കളാഴ്ച പത്തിന് സിബിഐയ്ക്ക് മുന്‍പാകെ ഹാജരാകണമെന്നാവശ്യപ്പെട്ടായിരുന്നു നോട്ടീസ്. എന്നാല്‍, രാജീവ് കുമാര്‍ ഹാജരായില്ലെന്നും നിലവില്‍ ബംഗാള്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപാര്‍ട്‌മെന്റില്‍ (സിഐഡി) ജോലി ചെയ്യുന്ന ഇയാള്‍ ആറു ദിവസത്തെ ലീവിലാണെന്നും സിബിഐ വൃത്തങ്ങള്‍ വ്യക്തമാക്കി. ചോദ്യംചെയ്യലിന് ഹാജരാകുന്നതിന് കൂടുതല്‍ സമയം ആവശ്യപ്പെട്ട് രാജീവ് കുമാര്‍ സിബിഐയ്ക്ക് കത്തയച്ചെന്നാണ് വിവരം.

നേരത്തെ, ഇക്കഴിഞ്ഞ 17ന് രാജീവ് കുമാറിനെ കസ്റ്റഡിയില്‍ എടുക്കാമെന്ന് സുപ്രീംകോടതി വിധിച്ചിരുന്നു. അന്ന്, രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് കോടതി നീക്കുകയും ചെയ്തതാണ്.

ജസ്റ്റീസ് ഇന്ദിര ബാനര്‍ജിയുടെ അധ്യക്ഷതയിലുള്ള ബെഞ്ചിന്റേതായിരുന്നു വിധി. അന്വേഷണവുമായി രാജീവ് കുമാര്‍ സഹകരിക്കുന്നില്ലെന്നും, കേസില്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും സിബിഐ വാദിച്ചിരുന്നു. തുടര്‍ന്നാണ് ശാരദ ചിട്ടിതട്ടിപ്പ് കേസിലെ മുന്‍ അന്വേഷണ സംഘം തലവനായ രാജീവ് കുമാറിനെ കസ്റ്റഡിയിലെടുക്കാന്‍ കോടതി അനുവാദം നല്‍കിയത്.

Related Articles

Latest Articles