Saturday, January 10, 2026

ഹോട്ടല്‍ തൊഴിലാളിയെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട ശരവണഭവന്‍ ഉടമ രാജഗോപാല്‍ മരിച്ചു

ചെന്നൈ; ഹോട്ടല്‍ തൊഴിലാളിയെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട ശരവണ ഭവൻ ഉടമ പി.രാജഗോപാൽ (72) മരിച്ചു. ഹോട്ടൽ ജീവനക്കാരന്റെ മകളെ കല്യാണം കഴിക്കാനായി ഭർത്താവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന കേസിലാണ് പി.രാജഗോപാൽ ശിക്ഷിക്കപ്പെട്ടത്.

ആരോഗ്യസ്ഥിതി പരിഗണിച്ച്, ഇക്കഴിഞ്ഞ് ജൂലായ് 7ന് ജീവപര്യന്തം തടവുശിക്ഷ ആരംഭിക്കുന്നത് നീട്ടണമെന്ന് രാജഗോപാൽ സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നെങ്കിലും നിരസിക്കപ്പെട്ടു. തുടർന്നു കീഴടങ്ങിയ രാജഗോപാലിനെ കൂടുതൽ പരിശോധനയ്ക്കായി ആദ്യം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകന്റെ ഹർ‌ജി പരിഗണിച്ച് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ചികിൽസയ്ക്കിടെ രണ്ടു തവണ ഹൃദയസ്തംഭനം വന്നതായി റിപ്പോർട്ടുണ്ട്.

ജൂലൈ 9-ന് കോടതിയില്‍ കീഴടങ്ങിയതിനു പിന്നാലെ ചെന്നൈയിലെ സ്റ്റാന്‍ലി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലാണ് രാജഗോപാലിനെ പ്രവേശിപ്പിച്ചത്. ആംബുലന്‍സില്‍ ഓക്‌സിജന്‍ മാസ്‌കുമായാണ് രാജഗോപാല്‍ കീഴടങ്ങാന്‍ കോടതി വളപ്പിലെത്തിയിരുന്നത്. ആരോഗ്യസ്ഥിതി മോശമാണെന്നു കാട്ടി രാജഗോപാലിന്റെ മകന്‍ ആര്‍. ശരവണന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച മദ്രാസ് ഹൈക്കോടതി ചൊവ്വാഴ്ച രാജഗോപാലിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ അനുമതി നല്‍കിയിരുന്നു.

പ്രമേഹം, ഹൈപ്പര്‍ ടെന്‍ഷന്‍, കിഡിനി സംബന്ധമായ അസുഖങ്ങള്‍ എന്നിവയാണ് രാജഗോപാലിനുണ്ടായിരുന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കിഡ്‌നിയുടെ പ്രവര്‍ത്തനം തകരാറിലായതിനെ തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച ആശുപത്രിയില്‍ വച്ച് ഹൃദയാഘാതം ഉണ്ടായി.

Related Articles

Latest Articles