Monday, May 20, 2024
spot_img

എസ്.ബി.ഐ വായ്‌പാ പലിശനിരക്കുകൾ കുറച്ചു

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐ വായ്‌പാ പലിശ നിര്‍ണയത്തിന്റെ അടിസ്ഥാന മാനദണ്ഡമായ മാര്‍ജിനല്‍ കോസ്‌റ്റ് ഒഫ് ഫണ്ട്‌സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റില്‍ (എം.സി.എല്‍.ആര്‍)​ 0.05 ശതമാനം ഇളവ് വരുത്തി. പുതുക്കിയ നിരക്കുകള്‍ ഇന്നലെ പ്രാബല്യത്തില്‍ വന്നു. ഒരുവര്‍ഷക്കാലാവധിയുള്ള വായ്‌പകളുടെ എം.സി.എല്‍.ആര്‍ (പലിശനിരക്ക്)​ 8.55 ശതമാനത്തില്‍ നിന്ന് 8.50 ശതമാനമായാണ് കുറച്ചത്. കഴിഞ്ഞവാരം റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കാല്‍ ശതമാനം കുറച്ചതിന്റെ ചുവടുപിടിച്ചാണ് നടപടി.

30 ലക്ഷം രൂപവരെയുള്ള ഭവന വായ്‌പകളുടെ പലിശനിരക്കില്‍ 0.10 ശതമാനം ഇളവും എസ്.ബി.ഐ വരുത്തിയിട്ടുണ്ട്. ഇതുപ്രകാരം പലിശനിരക്ക് നിലവിലെ 8.70-9 ശതമാനം എന്നതില്‍ നിന്ന് 8.60-8.90 ശതമാനം ആയി കുറഞ്ഞു. 2016 ഏപ്രില്‍ മുതലാണ് രാജ്യത്തെ വാണിജ്യ ബാങ്കുകള്‍ വായ്‌പാപ്പലിശയുടെ മാനദണ്ഡമായി എം.സി.എല്‍.ആര്‍ സ്വീകരിച്ചത്.
എന്നാല്‍,​ റിപ്പോ നിരക്ക് കുറയ്ക്കുന്നതിന് ആനുപാതികമായ ഇളവ് എം.സി.എല്‍.ആര്‍ പ്രകാരം ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നില്ലെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. തുടര്‍ന്ന്,​ നടപ്പു സാമ്പത്തിക വര്‍ഷം മുതല്‍ പലിശനിര്‍ണയത്തിന് പുതിയ മാനദണ്ഡം കൊണ്ടുവരുമെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയെങ്കിലും ഇതു നടപ്പാക്കുന്നത് മേയ് ഒന്നിലേക്ക് മാറ്റിയിട്ടുണ്ട്.

റിപ്പോ നിരക്കിന് അനുസൃതമായി ബാങ്കുകള്‍ക്ക് വായ്‌പാപ്പലിശ നിശ്‌ചയിക്കുന്ന മാനദണ്ഡമാണ് നടപ്പാക്കുക. എസ്.ബി.ഐ ഈ മാനദണ്ഡത്തിലേക്ക് മാറുമെന്ന് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞവാരം റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചതിന്റെ ചുവടുപിടിച്ച്‌ പഞ്ചാബ് നാഷണല്‍ ബാങ്ക്,​ ബാങ്ക് ഒഫ് ബറോഡ,​ എച്ച്‌.ഡി.എഫ്.സി ബാങ്ക് എന്നിവയും വായ്‌പാപ്പലിശ കുറച്ചിരുന്നു. മറ്റു ബാങ്കുകളും വൈകാതെ ഈ പാത സ്വീകരിച്ചേക്കും.

Related Articles

Latest Articles