Monday, June 17, 2024
spot_img

അയോധ്യ കേസ് വിധി പറയാന്‍ മാറ്റിവച്ചു

ദില്ലി: അയോധ്യ കേസില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഇതേ തുടര്‍ന്ന് വിധി പറയാന്‍ മാറ്റിവച്ചു. വാദങ്ങള്‍ രേഖാമൂലം നല്‍കേണ്ടവര്‍ക്ക് മൂന്ന് ദിവസത്തിനകം നല്‍കാം. ആകെ നാല്‍പത് ദിവസമാണ് കേസില്‍ വാദം കേട്ടത്. സുപ്രീംകോടതിയുടെ ചരിത്രത്തിൽ ഇതിന് മുമ്പ് ഏറ്റവും അധികം ദിവസം വാദം നടന്നത് കേശവാനന്ദ ഭാരതി കേസിലാണ്. 1972-73 വര്‍ഷങ്ങളിലായി നടന്ന കേസില്‍ 68 ദിവസമായിരുന്നു വാദം.

ഇക്കഴിഞ്ഞ ഓഗസ്റ്റ് ആറിനാണ് സുപ്രീം കോടതി അയോധ്യകേസിൽ തുടർച്ചയായി വാദം കേൾക്കല്‍ ആരംഭിച്ചത്. ഒക്ടോബര്‍ 18ന് ശേഷം വാദത്തിനായി ഒരു ദിവസം പോലും അനുവദിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു.

നവംബര്‍ 17-നാണ് ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി വിരമിക്കുന്നത്. ഇത് മുന്നിൽ കണ്ട് കോടതിയുടെ ആ ആഴ്ചയിലെ അവസാന പ്രവര്‍ത്തി ദിവസമായ നവംബര്‍ 15-ന് വിധി പ്രസ്താവം നടത്താനാണ് സാധ്യത. ചീഫ് ജസ്റ്റിസിന് പുറമേ, ജസ്റ്റിസുമാരായ എസ് എ. ബോബ്‌ഡെ, ഡി വൈ .ചന്ദ്രചൂഢ്, അശോക് ഭൂഷണ്‍, എസ് എ. നസീര്‍ എന്നിവരാണ് ഭരണഘടനാ ബഞ്ചിലെ മറ്റ് അംഗങ്ങള്‍.

അതേസമയം രാവിലെ തുടങ്ങിയ വാദത്തിനിടെ കോടതിയില്‍ നാടകീയമായ രംഗങ്ങളാണ് അരങ്ങേറിയത്. അയോധ്യയുമായി ബന്ധപ്പെട്ട് കുനാൽ കിഷോർ രചിച്ച പുസ്തകത്തിലെ വിവരങ്ങള്‍ കോടതിയില്‍ അവതരിപ്പിക്കാന്‍ തുടങ്ങിയതിന് പിന്നാലെയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. രാമജന്മഭൂമിയുടെ മാപ്പ് രേഖപ്പെടുത്തിയ രേഖ സുന്നി വഖഫ് ബോര്‍ഡ് അഭിഭാഷകന്‍ രാജീവ് ധവാന്‍ കോടതിയില്‍ വലിച്ചുകീറുകയായിരുന്നു. ഹിന്ദു മഹാസഭ കോടതിയില്‍ നല്‍കിയ രേഖയാണ് അഭിഭാഷകന്‍ വലിച്ചുകീറിയത്. അയോധ്യയില്‍ രാമജന്മഭൂമി നിലനിന്നിരുന്നതിന്‍റെ മാപ്പും രേഖകളും ഹിന്ദുസംഘടനകളുടെ അഭിഭാഷകന്‍ കോടതിക്കു കൈമാറാന്‍ ഒരുങ്ങവേയാണ് ഈ നാടകീയ രംഗങ്ങള്‍ നടന്നത്.

രാമജന്മഭൂമിയുമായി ബന്ധപ്പെട്ട മാപ്പായിരുന്നു കീറിയ പേജിലുണ്ടായിരുന്നത്. പേപ്പറുകള്‍ ധവാന്‍ കൈയില്‍ എടുത്തതോടെ വേണമെങ്കില്‍ നിങ്ങള്‍ക്ക് കീറികളയാമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇതിന് പിന്നാലെയാണ് അഭിഭാഷകന്‍ പേപ്പറുകള്‍ കീറി എറിഞ്ഞത്. ഇതോടെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ക്ഷുഭിതനായി. ഇത്തരത്തില്‍ വിചാരണ എങ്ങെ മുന്നോട്ടു കൊണ്ടുപോകുമെന്നും ഇതാണ് അവസ്ഥയെങ്കില്‍ വാദം കേള്‍ക്കുന്ന ബഞ്ചിലെ താനടക്കമുള്ള ജഡ്ജിമാര്‍ പുറത്തിറങ്ങി പോകുമെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി പറഞ്ഞു.

ഹിന്ദു മഹാസഭയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വികാസ് സിങ്ങാണ് രേഖകളും കുനാല്‍ കിഷോര്‍ രചിച്ച അയോധ്യ റീവിസിറ്റഡ് എന്ന പുസ്തകവും കോടതിക്ക് കൈമാറാന്‍ ഒരുങ്ങിയത്. ഇതെല്ലാം രാജീവ് ധവാന്‍ കീറിയെറിയുകയായിരുന്നു. എന്നാല്‍ കോടതിയോട് അങ്ങേയറ്റം ബഹുമാനമാണെന്നും ധവാന്‍ ചെയ്തതിനോട് അതേരീതിയില്‍ പ്രതികരിക്കാന്‍ ഇല്ലെന്നും വികാസ് സിങ് കോടതിയെ അറിയിച്ചത്.

Related Articles

Latest Articles