കറാച്ചി: ജമ്മു കശ്മീർ വിഷയത്തിൽ പ്രതികരണവുമായി നോബേൽ ജേതാവ് മലാല യൂസഫ് സായി. കാഷ്മീരിലെ സ്കൂൾ കുട്ടികളെ സഹായിക്കണമെന്ന് മലാല യുഎന്നിനോട് അഭ്യർഥിച്ചു. ജമ്മു കാഷ്മീരിലെ സ്കൂൾ കുട്ടികൾക്ക് സുരക്ഷിതമായി സ്കൂളിൽ പോകാൻ സഹായിക്കണമെന്ന് ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ പങ്കെടുക്കുന്ന രാഷ്ട്രത്തലവന്മാരോടും മറ്റ് ലോകനേതാക്കളോടുമാണ് മലാല അഭ്യർഥിച്ചിരിക്കുന്നത്.
കുട്ടികൾ ഉൾപ്പടെ തടവിലാക്കപ്പെട്ട 4,000 പേരെക്കുറിച്ച് തനിക്ക് ആശങ്കയുണ്ട്. 40 ദിവസമായി സ്കൂളിൽ പോകാൻ കഴിയാത്ത കുട്ടികളെക്കുറിച്ചും വീടിന് പുറത്തിറങ്ങാൻ ഭയക്കുന്ന പെണ്‍കുട്ടികളെ കുറിച്ചും തനിക്ക് ആശങ്കയുണ്ടെന്നും മലാല ട്വിറ്ററിൽ കുറിച്ചു.
കാഷ്മീർ ജനത പുറംലോകത്ത് നിന്ന് ഒറ്റപ്പെട്ടിരിക്കുകയാണ്. കാഷ്മീരിൽ സമാധാനം പുനഃസ്ഥാപിക്കാൻ പ്രവർത്തിക്കണമെന്നും മലാല ലോകനേതാക്കളോട് അഭ്യർഥിച്ചു.

