കൊച്ചി: മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ചുനീക്കാനുള്ള സുപ്രീംകോടതി വിധിയെ പിന്തുണച്ചു സിപിഐ. ഏതു നിയമവും ലംഘിക്കാമെന്നു കരുതുന്നവർക്കുള്ള താക്കീതാണു സുപ്രീംകോടതി വിധിയെന്നും കോടതി വിധിയുടെ അന്തസത്ത ഉൾക്കൊണ്ടേ മുന്നോട്ടുപോകാൻ കഴിയൂ എന്നും സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി. രാജു പറഞ്ഞു. മരട് ഫ്ലാറ്റ് കേസിൽ യഥാർഥ കുറ്റക്കാരായ ഫ്ളാറ്റ് നിർമാതാക്കളെയാണ് നിയമത്തിന്റെ മുന്നിൽ കൊണ്ടുവരേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, മരടിലെ ഫ്ലാറ്റ് ഉടമകൾക്കു വിവിധ രാഷ്ട്രീയ പാർട്ടികൾ പൂർണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ എന്നിവരടക്കം ഫ്ലാറ്റിലെത്തി ഉടമകളുമായി കൂടിക്കാഴ്ച നടത്തി പിന്തുണ പ്രഖ്യാപിച്ചു.
ഫ്ലാറ്റുകൾ പൊളിക്കാനുള്ള സുപ്രീംകോടതിവിധി നിർവീര്യമാക്കണമെന്ന് ആവശ്യപ്പെട്ടു രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, കേരള ഗവർണർ, സ്പീക്കർ എന്നിവർക്കടക്കം നൽകിയ സങ്കടഹർജിയിൻമേലുള്ള തീരുമാനം ഫ്ലാറ്റ് ഉടമകൾ കാത്തിരിക്കുകയാണ്. വിഷയത്തിൽ ഇടപെടുമെന്നു കേരള ഗവർണർ വ്യക്തമാക്കിയിട്ടുണ്ട്.
ഫ്ലാറ്റുകൾ ഒഴിഞ്ഞുപോകണമെന്നു കാട്ടിയുള്ള മരട് നഗരസഭയുടെ നോട്ടീസിനെതിരേ തിങ്കളാഴ്ച ഹൈക്കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്യും. തീരദേശ പരിപാലന നിയമങ്ങൾ ലംഘിച്ചു നിർമിച്ച നാലു ഫ്ലാറ്റുകൾ ഈ മാസം 20നു മുന്പ് പൊളിച്ചുനീക്കി റിപ്പോർട്ട് നൽകാൻ കഴിഞ്ഞ ആറിനാണ് സുപ്രീംകോടതി അന്ത്യശാസനം നൽകിയത്.

