തിരുവനന്തപുരം: സ്‌കൂളുകള്‍ തുറക്കുമ്പോള്‍ ആദ്യ മാസത്തില്‍ ഹാജരും യൂണിഫോമും നിര്‍ബന്ധമാക്കരുതെന്ന് നിര്‍ദേശം നൽകി സർക്കാർ. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗരേഖ തയ്യാറാക്കുന്നതിന്റെ അദ്ധ്യാപക സംഘടനാ പ്രതിനിധികളുമായി മന്ത്രി ശിവൻകുട്ടി നടത്തിയ ചർച്ചയിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. തുടക്കത്തിൽ നേരിട്ട് പഠനക്ലാസുകളുണ്ടാകില്ല എന്നും അറിയിച്ചിട്ടുണ്ട്.
സ്കൂളിൽ ഒരു ഷിഫ്റ്റില്‍ 25 ശതമാനം വിദ്യാര്‍ഥികളെ മാത്രം ഉള്‍ക്കൊള്ളിച്ചായിരിക്കണം ക്ലാസുകള്‍. അതായത് ഒരു ക്ലാസില്‍ 20-30 കുട്ടികളെ മാത്രം പ്രവേശിപ്പിച്ചുകൊണ്ട് ക്ലാസ് നടത്തണമെന്നും. അങ്ങനെ വരുമ്പോള്‍ ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും ക്ലാസ് ഉണ്ടാകുക എന്നും. ഇപ്രകാരം ആഴ്ചയില്‍ മൂന്ന് ദിവസം മാത്രമായിരിക്കും ക്ലാസ് ഉണ്ടാകുക എന്ന് ചർച്ചയിൽ തീരുമാനം ആയി .
ആദ്യഘട്ടത്തില്‍ നേരിട്ട് പഠനക്ലാസുകളിലേക്ക് കടക്കില്ല. പകരം, ഹാപ്പിനസ് കരിക്കുലം ആയിരിക്കണമെന്നും അധ്യാപക സംഘടനകള്‍ നിര്‍ദേശം മുന്നോട്ടുവെച്ചു. പ്രൈമറി ക്ലാസുകൾക്ക് ബ്രിഡ്ജ് ക്ലാസ് നടത്തുമെന്നും സ്‌കൂൾ തലത്തിൽ ജാഗ്രതാ സമിതികൾ രൂപീകരിക്കുകയും ചെയ്യുമെന്നും യോഗത്തിൽ തീരുമാനമായി.
മാത്രമല്ല സ്‌കൂളുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുന്നതിന് ധനസഹായം നല്‍കണമെന്ന് അധ്യപക സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇത്തരം ആവശ്യങ്ങള്‍ പിടിഎകളുടെ പങ്കാളിത്തത്തോടെ നിറവേറ്റണമെന്നാണ് സര്‍ക്കാരിന്റെ നിലപാട് എന്നും യോഗത്തിൽ വ്യക്തമാക്കി.
അതേസമയം സ്‌കൂൾ തുറക്കുന്നത് സംബന്ധിച്ച വിശദമായ മാർഗരേഖ ഒക്ടോബർ അഞ്ചിന് പുറത്തിറക്കും. മറ്റ് അദ്ധ്യാപക സംഘടനകളുമായും മന്ത്രി ചർച്ച നടത്തും. കൂടാതെ സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി കൂടുതൽ ഇളവുകളും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌കൂൾ വാഹനങ്ങളുടെ റോഡ് നികുതി ഒരുവർഷത്തേയ്‌ക്ക് ഒഴുവാക്കുന്നതടക്കമുള്ള ഇളവുകളാണ് പ്രഖ്യാപിച്ചത്.

