Wednesday, January 7, 2026

ഒന്‍പത് മാസത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകളും കോളജുകളും നാളെ തുറക്കുന്നു; കർശന നിബന്ധനകൾ

തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്തെ സ്കൂളുകളും കോളജുകളും ഭാഗികമായി തുറക്കുന്നു. പത്ത്, പ്ലസ് ടു ക്ലാസുകളാണ് തുടങ്ങുക. മാര്‍ച്ച്‌ മാസത്തിന് ശേഷം ആദ്യമായാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വിദ്യാര്‍ഥികളെത്തുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും ക്ലാസ്. മാര്‍ച്ച്‌ 16 വരെ ക്ലാസുകള്‍ ക്രമീകരിക്കാനാണ് പുതിയ നിര്‍ദേശം. ക്ലാസുകൾ തുടങ്ങുമെങ്കിലും ഹാജർ നിര്‍ബന്ധമാക്കിയിട്ടില്ല.

ജൂണ്‍ ഒന്നു മുതല്‍ ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസുകളുടെ സംശയദൂരീകരണവും റിവിഷനുമാണ് ക്ലാസുകളുടെ ലക്ഷ്യം. ഇതോടൊപ്പം മാതൃകാ പരീക്ഷകളുമുണ്ടാകും. പരീക്ഷയ്ക്ക് ചോദിക്കുന്ന പാഠഭാഗങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡിജിറ്റല്‍ ക്ലാസുകളിലെ പ്രകടനം, ക്ലാസ് ടെസ്റ്റുകള്‍, ഇനിയുള്ള ക്ലാസുകളിലെ മികവ് എന്നിവ അടിസ്ഥാനമാക്കിയാകും നിരന്തര മൂല്യനിര്‍ണയമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് അറിയിച്ചു.

നാളെ തുറക്കുന്ന സി.ബി.എസ്.ഇ സ്‌കൂളുകളും സര്‍ക്കാരിന്റെ നിര്‍ദേശം അനുസരിച്ചായിരിക്കും പ്രവര്‍ത്തനമെന്ന് സി.ബി.എസ്.ഇ മാനേജ്മെന്റ് അസോസിയേഷന്‍ വ്യക്തമാക്കി. രക്ഷിതാക്കളുടെ സമ്മതപത്രം നിര്‍ബന്ധമാക്കിയിട്ടുണ്ട്. വിദ്യാർഥികളുടെ സുരക്ഷയ്ക്ക് പ്രഥമ പരിഗണന നൽകിയാണ് ക്ലാസുകൾ തുടങ്ങുന്നത്. ഓരോ ക്ലാസിലും പകുതി വീതം വിദ്യാർഥികൾ ഷിഫ്റ്റ് ആയോ ഒന്നിടവിട്ട ദിവസങ്ങളിലോ ക്ലാസുകളിലെത്തുന്ന വിധം ക്രമീകരണം നടത്താനാണ് നീക്കം. ഒരു ബഞ്ചിൽ ഒരു കുട്ടി, ഒഴിഞ്ഞ കിടക്കുന്ന ക്ലാസ് മുറികളും പ്രയോജനപ്പെടുത്താം തുടങ്ങിയ നിർദേശങ്ങളും വിദ്യാഭ്യാസ വകുപ്പ് നൽകിയിട്ടുണ്ട്. ആദ്യ ആഴ്ചയിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം ഈ ക്രമീകരണങ്ങളിൽ മാറ്റം വരുത്തും.

Related Articles

Latest Articles