Thursday, January 8, 2026

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം ; ഹർഷിന സമരം പിൻവലിച്ചു; തീരുമാനം മന്ത്രിയുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം

കോഴിക്കോട് : പ്രസവ ശസ്ത്രക്രിയയ്‌‍ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ നീതി ലഭിക്കണമെന്ന് ആവശ്യമുന്നയിച്ച് മാതൃശിശു സംരക്ഷണ കേന്ദ്രത്തിന്റെ മുന്നിൽ സമരം ചെയ്ത ഹർഷിന സമരം പിൻവലിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ ഓഫിസില്‍ നടന്ന ആരോഗ്യമന്ത്രി വീണാ ജോർജുമായുള്ള ചർച്ചയിൽ നീതി ലഭിക്കുമെന്ന ഉറപ്പ് ലഭിച്ചതിനെത്തുടർന്നാണ് സമരം പിൻവലിക്കാനുള്ള തീരുമാനത്തിൽ ഹർഷിന എത്തിയത്.

സമരപ്പന്തലിൽ എത്തി ഹർഷിനയെ കണ്ട ആരോഗ്യമന്ത്രി അവരെ ചർച്ചയ്ക്ക് ക്ഷണിക്കുകയായിരുന്നു. ഹർഷിനയ്ക്കൊപ്പം ഭർത്താവും ചർച്ചയിൽ പങ്കെടുത്തു. അത്യാഹിത വിഭാഗം ഉൾപ്പെടെയുള്ള പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം നിർവഹിക്കാൻ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിയിരുന്നു . ഇതിനിടെയാണ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിന്റെ മുന്നിൽ സമരം ചെയ്യുന്ന ഹർഷിനയെ കാണാൻ ആരോഗ്യമന്ത്രി സമരപ്പന്തലിൽ എത്തിയത്.

2017ൽ കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ ശസ്ത്രക്രിയയ്ക്കുശേഷമാണ് അസഹനീയമായ വേദനയും മറ്റും അനുഭവപ്പെട്ടതെന്ന് ഹർഷിന ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഹർഷിനയുടെ വയറ്റിൽനിന്ന് കണ്ടെത്തിയ കത്രിക കോഴിക്കോട് മെഡിക്കൽ കോളജിന്റെയല്ലെന്നാണ് ആരോഗ്യവകുപ്പ് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്.റിപ്പോർട്ടിലെ വൈരുധ്യവും നീതി ലഭിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിന്റെ മുന്നിൽ ഹർഷിന സമരം തുടങ്ങിയത്.

Related Articles

Latest Articles