Monday, December 22, 2025

ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം: നടപടിയെടുക്കാമെന്ന ആരോഗ്യമന്ത്രിയുടെ ഉറപ്പ് വാക്കിലൊതുങ്ങി , നിയമ നടപടിക്കൊരുങ്ങി പരാതിക്കാരി

കോഴിക്കോട് : ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തിൽ, പരാതിക്കാരി ഹര്‍ഷിന ആരോഗ്യവകുപ്പിനെതിരേ നിയമനടപടിയ്‌ക്കൊരുങ്ങുന്നു. ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, പുതിയ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും ഒരു മാസം കഴിഞ്ഞിട്ടും നടപടികൾ ഒന്നും ഉണ്ടാവാത്തതിനെ തുടര്‍ന്നാണ് ഹര്‍ഷിന നിയമ നടപടിക്കൊരുങ്ങുന്നത്.

കഴിഞ്ഞ സെപ്റ്റംബറിലാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയിലൂടെ ഹര്‍ഷിനയുടെ വയറ്റില്‍നിന്ന് കത്രിക പുറത്തെടുത്തത്. സംഭവം പുറത്തായതോടെ ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി. പക്ഷേ അന്വേഷണ റിപ്പോര്‍ട്ട് വെളിച്ചം കണ്ടില്ല.

കഴിഞ്ഞമാസം ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ചികിത്സ തേടിയ ഹര്‍ഷിന ആശുപത്രിയില്‍ വെച്ച് പ്രതിഷേധിച്ചതോടെ ആരോഗ്യ വകുപ്പ് വീണ്ടും ഇടപെട്ടു. ആദ്യ അന്വേഷണത്തില്‍ വ്യക്തതയില്ലെന്നും ശാസ്ത്രീയ അന്വേഷണം നടത്തി എത്രയും വേഗം നീതി ഉറപ്പാക്കും എന്ന് ആരോഗ്യമന്ത്രി ഹര്‍ഷിനയ്ക്ക് ഉറപ്പും നല്‍കി. എന്നാല്‍ രണ്ടാമത്തെ അന്വേഷണം പ്രഖ്യാപിച്ച് ഒരു മാസം കഴിഞ്ഞിട്ടും സംഭവത്തിൽ ഒരു തുടർ നടപടിയും ഉണ്ടായിട്ടില്ലെന്നാണ് ഹര്‍ഷിന പറയുന്നത്. പിഴവിന് കാരണക്കാരയവരെ രക്ഷിക്കാനുള്ള നീക്കം നടക്കുന്നുണ്ടെന്ന് ഹര്‍ഷിന ആരോപിച്ചു.

Related Articles

Latest Articles