അമരാവതി: തിരുമല തിരുപ്പതി ദേവസ്വത്തില്‍ ഇനി അബ്രാഹ്മണരും പൂജാരിമാരാകുന്നു. ഇതിനായി പട്ടികജാതി,പട്ടികവര്‍ഗക്കാരായ 200 പേരുടെ പരിശീലനം ദേവസ്വത്തില്‍ പൂര്‍ത്തിയായിവരുന്നു. തിരുമല തിരുപ്പതി ദേവസ്വത്തിനു കീഴിലുള്ള ക്ഷേത്രങ്ങളില്‍ താമസിയാതെ ഇവര്‍ പൂജാരിമാരായി ചുമതലയേല്‍ക്കുമെന്ന് ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ അനില്‍ സിംഗാള്‍ മാധ്യമങ്ങളോടു പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നായ തിരുപ്പതിക്ഷേത്രത്തില്‍ പിന്നോക്കവിഭാഗക്കാര്‍ക്ക് ഇങ്ങനെ ഒരു അവസരം ലഭിക്കുന്നത് ആദ്യമാണെന്നും അദ്ദേഹം പറഞ്ഞു. സവര്‍ണവിഭാഗത്തിന്റെ എതിര്‍പ്പുകള്‍ കാരണം പലപ്പോഴായി പട്ടികജാതി പട്ടികവര്‍ഗക്കാരുടെ നിയമനം തടസപ്പെട്ടിരുന്നു. പട്ടികജാതി പട്ടികവര്‍ഗ കോളനികളിലും മത്സ്യത്തൊഴിലാളികളുടെ കോളനികളിലുമായി 500 ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നതായും അദ്ദേഹം പറഞ്ഞു.

