കൊച്ചി- മഹാരാജാസ് കോളജിലെ എസ് എഫ് ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലാകാനുള്ള പ്രതികള്‍ എസ്.ഡി.പി.ഐയുടെ സംരക്ഷണയിൽ കഴിയുകയാണെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത് .പ്രതികളിൽ ഒരാളുടെ അമ്മ ഇക്കാര്യം സ്ഥിരീകരിക്കുന്ന ദൃശ്യങ്ങള്‍ ഒരു ടെലിവിഷന്‍ ചാനല്‍ പുറത്തുവിട്ടു. കേസില്‍ പിടികിട്ടാനുള്ള രണ്ടു പ്രതികളും പൊലീസിന്‍റെ മൂക്കിനു താഴെ ഉണ്ടെന്നാണ് പ്രതികളിലൊരാളുടെ കുടുംബം നല്‍കുന്ന സൂചന.
യൂത്ത് കോണ്‍ഗ്രസ് നേതാവ് ചാവക്കാട് പുന്നയില്‍ നൗഷാദിന്‍റെ കൊലക്കേസിലും എസ്.ഡി.പി.ഐ ആണ് പ്രതിക്കൂട്ടിൽ എന്നിരിക്കെയാണ് പൊലീസിന്‍റെ ഈ കുറ്റകരമായ അനാസ്ഥ. അഭിമന്യുവിനെ കുത്തിവീഴ്ത്തിയത് എസ്.ഡി.പി.ഐ പ്രവര്‍ത്തകനായ പനങ്ങാട് സ്വദേശി സഹലാണ്. അരൂക്കൂറ്റി സ്വദേശി മുഹമ്മദ് ഷഹീം കുറ്റകൃത്യത്തില്‍ ഒപ്പമുണ്ടായിരുന്നുവെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഇരുവരും ഒളിവിലായിട്ട് ഇക്കഴിഞ്ഞ ജൂലൈ മൂന്നിന് ഒരു വര്‍ഷം പിന്നിട്ടു. പിടികിട്ടാത്ത പ്രതികള്‍ വിദേശത്താണെന്ന് പൊലീസ് തൊടുന്യായം തുടരുന്പോഴാണ് സഹലിന്‍റെ വീട്ടില്‍ മാധ്യമപ്രവര്‍ത്തക സംഘമെത്തിയത്.
കൊലയാളികൾ കഴിയുന്നത് എസ്.ഡി.പി.ഐയുടെ സംരക്ഷണയിലാണെന്ന് സഹലിന്‍റെ മാതാവാണ് വെളിപ്പെടുത്തിയത്. പാര്‍ട്ടിയും അഭിഭാഷകരുമാണ് അവരുടെ കാര്യങ്ങള്‍ നോക്കുന്നതെന്നും സഹലിന്‍റെ മാതാവ് മാധ്യമപ്രവര്‍ത്തകരോട് വെളിപ്പെടുത്തിയിരുന്നു. പിടിയിലായവര്‍ക്ക് ജാമ്യം ലഭിച്ചശേഷം ഒളിവിലുള്ള രണ്ടു പേരെയും കോടതിയിലെത്തിക്കും. മകന്‍ എവിടെയുണ്ടെന്ന് ക്യത്യമായി അറിയില്ല. എന്നാൽ എസ് ഡി പി ഐ നേതാക്കൾക്ക് അറിയാമെന്നും സഹലിന്‍റെ മാതാവ് പറഞ്ഞു.
അഭിമന്യു കൊലക്കേസില്‍ ആകെ 27 പേരെയാണ് പോലീസ് പ്രതി ചേര്‍ത്തത്. ഇതില്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തത് 16 പ്രതികളാണ്.മഹാരാജാസ് കോളേജ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയും ക്യാന്പസ് ഫ്രണ്ട് പ്രവര്‍ത്തകനുമായ മുഹമ്മദാണ് കേസിലെ ഒന്നാം പ്രതി. അറസ്റ്റിലായ 9 പേരില്‍ അഞ്ച് പേര്‍ക്ക് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു..അഭിമന്യുവിനെ കുത്തിയ പത്താം പ്രതി പനങ്ങാട് സ്വദേശി സഹല്‍, മറ്റുള്ളവരെ കുത്തിയ പന്ത്രണ്ടാം പ്രതി അരൂക്കുറ്റി സ്വദേശി മുഹമ്മദ് ഷഹീം എന്നിവരെയാണ് പോലീസ് പിടികൂടാനുള്ളത്. ഇവര്‍ക്കായി നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
അഭിമന്യുവിനെ കുത്തിയ സഹലിനെ അറസ്റ്റ് ചെയ്താല്‍ മാത്രമേ കുത്താന്‍ ഉപയോഗിച്ച കത്തി ഉള്‍പ്പടെയുള്ളവ കണ്ടെടുക്കാന്‍ സാധിക്കുകയുള്ളു. അഭിമന്യൂ കൊലക്കേസിലെ പ്രതികളെ പിടിക്കാത്തതിനെതിരെ കെ.എസ്.യു ഇപ്പോഴും സമരരംഗത്തുണ്ട്. ക്യാമ്പസിനുള്ളില്‍ സ്മാരകം സ്ഥാപിച്ച എസ്.എഫ്.ഐക്ക് അനക്കമില്ല. പ്രതിഷേധിച്ച അഭിമന്യുവിന്‍റെ കുടുംബവും പാര്‍ട്ടി ഭീഷണിയെ തുടര്‍ന്ന് ഇപ്പോള്‍ നിശബ്ദരാണ്.2018 ജൂലൈ രണ്ടിനാണ് അഭിമന്യുവിനെ എസ് ഡി പി ഐ-ക്യാന്പസ് ഫ്രണ്ട് അക്രമി സംഘം കുത്തിക്കൊന്നത്. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് ഇപ്പോള്‍ കണ്‍ട്രോള്‍ റൂം എ സി പി എസ്.ടി സുരേഷ് കുമാറാണ് അന്വേഷിക്കുന്നത്.
പ്രാധാന്യമേറിയ കേസായിട്ടും പ്രത്യേക അന്വേഷണസംഘത്തെ നിയമിച്ചിട്ടില്ല.ആറായിരം പേജുള്ള കുറ്റപത്രത്തില്‍ 116 സാക്ഷികളാണ് ഉള്ളത്. കൊലപാതകം,കൊലപാതക ശ്രമം, അന്യായമായിസംഘം ചേരല്‍, മാരകായുധങ്ങള്‍ ഉപയോഗിക്കല്‍, ഗൂഢാലോചന തുടങ്ങി 13 വകുപ്പുകളാണ് കേസില്‍ പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. മോഹന്‍രാജാണ് കേസിലെ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍.മഹാരാജാസ് കോളേജിലെ ചുവരെഴുത്തിനെ ചൊല്ലി എസ് എഫ് ഐ-ക്യാന്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് അഭിമന്യുവിന്‍റെ കൊലപാതകത്തില്‍ കലാശിച്ചത്.

