Saturday, April 20, 2024
spot_img

സത്ഭരണത്തിന് ആവേശത്തുടർച്ച; രണ്ടാം നരേന്ദ്രമോദി സർക്കാർ ഇന്ന് നാലുവർഷം പൂർത്തിയാക്കുന്നു; ജനകോടികളുടെ മനസ്സിൽ ആവേശം നിറക്കുന്ന ഭരണ നേട്ടങ്ങളുമായി മോദി അഞ്ചാം വർഷത്തിലേക്ക്

ദില്ലി: 2004 മുതൽ 2014 വരെ പത്തുവർഷം നീണ്ട യു പി എ ഭരണത്തിലെ അഴിമതിയും കെടുകാര്യസ്ഥതയുമാണ് ജനങ്ങളെ നരേന്ദ്രമോദിയെ താക്കോലേൽപ്പിക്കാൻ പ്രേരിപ്പിച്ച ഒന്നാമത്തെ ഘടകം. ഇന്ത്യൻ ജനാധിപത്യത്തിൽ ഒറ്റക്കക്ഷി ഭരണം അവസാനിച്ചു എന്ന് കരുതിയ സമയത്താണ് നരേന്ദ്രമോദി 2014 ൽ ബിജെപിയെ കേവല ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിച്ചത്. അതിനു പിന്നിലെ ഇന്ധനം യു പി എ സർക്കാരിനെതിരെയുള്ള ഭരണ വിരുദ്ധ വികാരമായിരുന്നെങ്കിൽ, 2019 ൽ 300 ലധികം സീറ്റുകളോടെ ബിജെപി വീണ്ടും അധികാരത്തിലെത്തിയത് നരേന്ദ്രമോദി മുന്നോട്ട് വച്ച അഴിമതി രഹിത വികസന രാഷ്ട്രീയവും സത്ഭരണവും തന്നെയാണ്. ഭരണ നിർവഹണത്തിന് നരേന്ദ്രമോദി തെരെഞ്ഞെടുത്ത പുതു വഴികൾ ജനങ്ങളെ ആവേശ ഭരിതരാക്കി. കേന്ദ്ര സർക്കാരിന്റെ ക്ഷേമ പദ്ധതികൾ മുതൽ നോട്ട് നിരോധനവും ജി എസ് ടി യും സർജ്ജിക്കൽ സ്ട്രൈക്കുമെല്ലാം നരേന്ദ്രമോദിയുടെ ഭരണനേട്ടങ്ങൾ തന്നെ എന്ന് ജനം വിലയിരുത്തി.

ഭരണത്തിന്റെ വേറിട്ടവഴികളും പരിഷ്‌ക്കാരങ്ങളും രണ്ടാം അവസരത്തിലും തുടർന്ന നരേന്ദ്രമോദി തന്റെ ജനപക്ഷ പരിഷ്‌ക്കാരങ്ങളുടെ വേഗത വർദ്ധിപ്പിച്ചു. ബിജെപി യുടെ വർഷങ്ങളായുള്ള നയങ്ങളുടെ ഭാഗമാണ് അയോദ്ധ്യ രാമക്ഷേത്രവും, ഭരണഘടനയും വകുപ്പ് 370 എടുത്തുകളയുന്നതും, ഏകീകൃത സിവിൽ കോഡും. നരേന്ദ്രമോദി സർക്കാരിന്റെ രണ്ടാം ഭാഗത്ത് രാഷ്ട്രീയ ചാണക്യൻ അമിത്ഷാ പാർട്ടി ദേശീയ അദ്ധ്യക്ഷൻ സ്ഥാനം ജെ പി നദ്ദക്ക് കൈമാറി മന്ത്രിസഭയിലെത്തിയതോടെ സർക്കാർ ഗീയർ മാറ്റി. കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനാ വകുപ്പ് 370 ഒരു പൂവിറുക്കുന്ന ലാഘവത്തോടെയാണ് മോദി സർക്കാർ എടുത്തുകളഞ്ഞത്. പതിറ്റാണ്ടുകളായി സംസ്ഥാനത്ത് പ്രശ്നങ്ങളുണ്ടാക്കിയിരുന്ന പാകിസ്ഥാൻ ഭീകര സംഘടനകളെ മൂലക്കൊതുക്കി മോദി കശ്മീർ എന്ന ഇന്ത്യൻ സംസ്ഥാനത്തെ വെടിപ്പാക്കി. രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിച്ച് വിഘടനവാദികളെ തുരത്തി. സുപ്രീംകോടതി വിധി അനുകൂലമായതോടെ നൂറ്റാണ്ടുകളായുള്ള തർക്കം അവസാനിപ്പിച്ച് ശ്രീരാമ ജന്മഭൂമിയിൽ ഭവ്യ മന്ദിരത്തിന്റെ നിർമ്മാണം അവസാന ഘട്ടത്തിലാണ്. ഏകീകൃത സിവിൽ കൊടിനായി രാജ്യത്ത് മുമ്പെങ്ങുമില്ലാത്ത വിധം അഭിപ്രായ ഐക്യം രൂപപ്പെട്ടു. പല സംസ്ഥാനങ്ങളിലും നിയമനിർമ്മാണത്തിന്റെ ഒരുക്കങ്ങൾ നടക്കുന്നു. ഏതു നിമിഷവും കേന്ദ്ര നിയമത്തിന്റെ വരവും പ്രതീക്ഷിക്കാം. രാജ്യത്തിന് ആധുനിക സൗകര്യങ്ങളോടെ ഒരു പുതിയ പാർലമെന്റ് മന്ദിരവും റെക്കോർഡ് വേഗതയിൽ പണിപൂർത്തിയാക്കി സമർപ്പിക്കാനും സ്വാതന്ത്ര്യ സമര ചരിത്രത്തിൽ വിസ്മരിക്കപ്പെട്ടുപോയ പവിത്രമായ ചെങ്കോലും പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടെടുത്തു.

സത്ഭരണത്തിന്റെ ഒൻപത് വർഷങ്ങൾ പൂർത്തിയാകുമ്പോൾ നരേന്ദ്രമോദിക്ക് ത്രസിപ്പിക്കുന്ന പ്രോഗ്രസ്സ് കാർഡ് ജനങ്ങൾക്ക് മുന്നിൽ വയ്ക്കാനുണ്ട് എന്നതാണ് പ്രതിപക്ഷത്തെ ഭയപ്പെടുത്തുന്നത്. പ്രതിപക്ഷ ഐക്യമൊക്കെ മോദിക്കുമുന്നിൽ നിഷ്പ്രഭമാണ് എന്ന തിരിച്ചറിവ് ഇന്ന് പല രാഷ്ട്രീയപ്പാർട്ടികൾക്കുമുണ്ട്. രാജ്യത്ത് 3.5 കോടി കുടുംബങ്ങൾക്കാണ് ഈ സർക്കാർ സൗജന്യമായി വീട് വച്ച് നൽകിയത്. 11.72 കോടി ശൗചാലയങ്ങൾ പണിതു. 9.6 കോടി സൗജന്യ ഗ്യാസ് കണക്ഷനുകൾ നൽകി. കോവിഡ് കാലത്ത് 80 കോടി ജനങ്ങൾക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങൾ നൽകി. രാജ്യം അടിസ്ഥാന സൗകര്യ വികസന രംഗത്ത് കുതിച്ചു ചാട്ടം നടത്തുകയാണ്. 2014 വരെ രാജ്യത്ത് 74 വിമാനത്താവളങ്ങൾ മാത്രമാണുണ്ടായിരുന്നത്. കഴിഞ്ഞ 9 വര്ഷം കൊണ്ട് 74 പുതിയ വിമാനത്താവളങ്ങൾ പൂർത്തിയായി. ദേശീയപാതാ നിർമ്മാണത്തിൽ രാജ്യം റെക്കോർഡ് വേഗത കൈവരിച്ചു. ലോകോത്തര നിലവാരമുള്ള 20 വന്ദേഭാരത് ട്രെയിനുകൾ ഓടിത്തുടങ്ങി. കഴിഞ്ഞ 9 വർഷം കൊണ്ട് രാജ്യത്ത് 700 മെഡിക്കൽ കോളേജുകളാണ് നിലവിൽവന്നത്. രാജ്യം ഉൽപ്പാദനത്തിന്റെ ഹബ്ബായി മാറിക്കൊണ്ടിരിക്കുന്നു. ഈ മാറ്റങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ വമ്പൻ ജനസമ്പർക്ക പരിപാടികൾക്കാണ് ബിജെപി രൂപം നൽകിയിരിക്കുന്നത്.

Related Articles

Latest Articles