Wednesday, December 24, 2025

എന്‍റെ അനന്തപദ്മനാഭാ … ഇത് പൊളിക്കാൻ ഇടവരുത്തരുതേ

തിരുവനന്തപുരം- ഏറെ വിവാദമായ മരട് ഫ്ളാറ്റ് പൊളിച്ചുനീക്കല്‍ നടപടികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്പോള്‍ സോഷ്യല്‍മീഡ‍ിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത് മറ്റൊരു അനധികൃത കെട്ടിടനിര്‍മാണമാണ്. തിരുവനന്തപുരം കോര്‍പ്പറേഷന്റെ അനുമതി പോലും വാങ്ങാതെ സുരക്ഷാ വ്യവസ്ഥകള്‍ ലംഘിച്ച് നിര്‍മിച്ച സെക്രട്ടറിയേറ്റ് അനക്സ് നിര്‍മാണത്തില്‍ വ്യാപകക്രമക്കേട് നടന്നിട്ടുണ്ടെന്ന് സി എ ജി കണ്ടെത്തിയിരുന്നു.

അനധികൃത കെട്ടിടനിര്‍മാണത്തെ കുറിച്ച് വിവരാവകാശപ്രവര്‍ത്തകന്‍ മഹേഷ് വിജയന്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ വൈറല്‍.എന്റെ അനന്തപദ്മനാഭാ, ഇത് നീ പൊളിക്കാന്‍ ഇടവരുത്തരുതേ….ഇത് കൂടി താങ്ങില്ല. അതോണ്ടാ…എന്ന വാചകങ്ങള്‍ സഹിതം സി എ ജി റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് സഹിതമാണ് ഈ വിവരാവകാശ പ്രവര്‍ത്തകന്‍ കുറിപ്പിട്ടിരിക്കുന്നത്.ഇതിനകം തന്നെ നിരവധി പേര്‍ ഈ പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്. ധാരാളം പേര്‍ ഫേസ്ബുക്ക് കുറിപ്പ് ലൈക്ക് ചെയ്തിട്ടുണ്ട്.

2011 ഫെബ്രുവരിയില്‍ അന്നത്തെ മുഖ്യമന്ത്രി വി. എസ് അച്യുതാനന്ദനാണ് സെക്രട്ടറിയേറ്റിന്‍റെ രണ്ടാം അനക്‌സ് നിര്‍മ്മാണത്തിന് തറക്കല്ലിട്ടത്. 39.5 കോടി രൂപ ചിലവില്‍ 9 നിലകളുള്ള മന്ദിരമാണ് നിര്‍മ്മാണം പൂര്‍ത്തിയായത്.2016 -ലെ CAG റിപ്പോര്‍ട്ട് പ്രകാരം ഗുരുതര ചട്ട ലംഘനങ്ങള്‍ കണ്ടെത്തിയ അനേക കെട്ടിടങ്ങളില്‍ ഒന്നായിരുന്നു സെക്രട്ടറിയേറ്റ് അനക്സ്.

ഈ കെട്ടിടത്തിന്‍റെ നിര്‍മ്മാണത്തില്‍ വ്യാപകമായ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് സി.എ.ജി റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. സുരക്ഷാ വ്യവസ്ഥകള്‍ ലംഘിച്ച് കോര്‍പ്പറേഷന്റെ അനുമതി പോലും വാങ്ങാതെയാണ് അനക്‌സ് കെട്ടിടത്തിന്റെ നിര്‍മ്മാണമെന്ന് നിയമസഭയില്‍ സമര്‍പ്പിച്ച സിഎജി റിപ്പോര്‍ട്ടിലുണ്ട്. വ്യാപക ക്രമക്കേടായിരുന്നു സെക്രട്ടറിയേറ്റ് അനക്‌സിന്റെ നിര്‍മ്മാണത്തില്‍ നടന്നത്.

നഗരസഭയുടെ അനുമതി പത്രം വാങ്ങാതെ കെട്ടിപ്പൊക്കിയ ഒന്‍പത് നില കെട്ടിടം യാതൊരു സുരക്ഷാ വ്യവസ്ഥകളും പാലിച്ചില്ലെന്നും സിഎജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. യുഡിഎഫ് സര്‍ക്കാര്‍ അധികാരമൊഴിയുന്നതിന് തൊട്ട് മുമ്പാണ് സെക്രട്ടറിയേറ്റ് അനക്‌സിന്റെ ഉദ്ഘാടനം കഴിഞ്ഞത്. തെരഞ്ഞെടുപ്പിന് മുമ്പ് ഉദ്ഘാടന മാമാങ്കം നടത്തുന്നതിന് പിന്നില്‍ ഗൂഢ ലക്ഷ്യങ്ങളുണ്ടെന്ന് അന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.

അഗ്നിശമന സേനയുടെ അടക്കം പല അനുമതികളുമില്ലാതെയാണ് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനക്‌സിന്റെ ഉദ്ഘാടനം നടത്താനൊരുങ്ങിയത്. ഇത് വാര്‍ത്തയായതോടെ പ്രതിഷേധമുയര്‍ന്നു. അനക്‌സ് കെട്ടിടത്തിന് തറക്കല്ലിട്ട വിഎസ് അച്യുതാനന്ദനെ ക്ഷണിക്കാതെയായിരുന്നു ഉദ്ഘാടന ചടങ്ങുകള്‍ നടത്താന്‍ ഒരുങ്ങിയത്. ഇതിനെതിരെയും പ്രതിഷേധമുയര്‍ന്നിരുന്നു. പിന്നീടാണ് സെക്രട്ടറിയേറ്റ് അനക്‌സിന്റെ ഉദ്ഘാടനം നടത്താനുള്ള നീക്കത്തിന് പിന്നില്‍ ഫ്ളാറ്റ് മാഫിയയെ സഹായിക്കാനുള്ള തന്ത്രമാണെന്ന് തെളിഞ്ഞത്.

മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാതെ ഫ്ളാറ്റുകള്ക്ക് ലൈസന്‍സ് നല്‍കരുതെന്ന് ഫയര്‍ഫോഴ്‌സ് ഡിജിപിയായിരുന്ന ജേക്കബ് തോമസ് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെതിരെ ഫ്ളാറ്റ് മാഫിയ രംഗത്തുവന്നിരുന്നു. സെക്രട്ടറിയേറ്റ് നിര്‍മ്മാണത്തിന്റെ പേരില്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ ഉള്ള നീക്കമായിരുന്നു വ്യവസ്ഥകള്‍ പാലിക്കാതെ അനക്‌സ് നിര്‍മ്മിച്ചതിന് പിന്നിലെന്ന് ആരോപണങ്ങളും ഉയര്‍ന്നിരുന്നു. അന്നത്തെ ആരോപണങ്ങള്‍ ശരിയെന്ന് വ്യക്തമാക്കുന്നതായിരുന്നു സിഐജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍.

Related Articles

Latest Articles