ദില്ലി: 2022 ജനുവരിയിൽ പഞ്ചാബിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പര്യടനത്തിനിടെയുണ്ടായ സുരക്ഷാവീഴ്ചയുമായി ബന്ധപ്പെട്ട് 6 പോലീസുകാരെ സസ്പെൻഡ് ചെയ്തു. ഭട്ടിൻഡ എസ്‌പിയായിരുന്ന ഗുർ ബിന്ദർ സിങ്ങിനെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്‌തിരുന്നു. 2 ഡപ്യൂട്ടി സൂപ്രണ്ടുമാർ, 2 ഇൻസ്പെക്ടർമാർ, ഒരു എസ്ഐ, ഒരു എഎസ്ഐ എന്നിവർക്കെതിരെയാണ് ഇന്നലെ നടപടി ഉണ്ടായത്.
ഒക്ടോബർ 18ന് പഞ്ചാബ് ഡി.ജി.പി നൽകിയ റിപ്പോർട്ടിൽ ഓഫീസർ ചുമതല കൃത്യമായി നിർവ്വഹിച്ചില്ലെന്ന് ചൂണ്ടിക്കാട്ടുകയും സുരക്ഷാവീഴ്ചയെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീംകോടതി നിയോഗിച്ച സമിതിയും ഉദ്യോഗസ്ഥരുടെ വീഴ്ച ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.
2022 ജനുവരി 5ന് തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കാൻ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി മോശം കാലാവസ്ഥയെ തുടർന്ന് റോഡ് മാർഗം ഫിറോസ്‌പൂരിലേക്ക് പോകവെയായിരുന്നു സംഭവം. കർഷകരുടെ ഉപരോധം കാരണം വാഹനവ്യൂഹം ഫ്ലൈ ഓവറിൽ കുടുങ്ങുകയും റാലിയിൽ പങ്കെടുക്കാനാകാതെ മോദി മടങ്ങുകയും ചെയ്തു. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സുരക്ഷാ വീഴ്ച വലിയ രാഷ്ട്രീയ വിവാദത്തിനും അന്ന് വഴിവച്ചിരുന്നു.

