ദില്ലി : രാജ്യതലസ്ഥാനത്ത് കളിപ്പാട്ടത്തിനുള്ളിൽ ബോംബ് ഒളിപ്പിച്ചു സ്‌ഫോടനം നടത്താൻ പദ്ധതിയിട്ട രണ്ട് ഭീകരരെ മുംബൈയിൽ നിന്ന് പിടികൂടി. ദില്ലി പോലീസ് സ്പെഷ്യൽ സെല്ലും മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയും (എടിഎസ്) സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതികൾ വലയിലായത്. മൊസാബ് അഹ്ദം എന്ന കലാം കല്യാൺ, മുഹമ്മദ് ഹമദ് കൊല്ലറ എന്നിവരാണ് അറസ്റ്റിലായതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ഇവരെ ദില്ലിയിലെത്തിച്ച് ചോദ്യം ചെയ്തു വരികയാണ്.
ആഗോള ഭീകര സംഘടനയായ ഐഎസുമായും ജെയ്‌ഷെ മുഹമ്മദുമായും ഇവർക്ക് അടുത്ത ബന്ധമുണ്ടെന്നാണ് പ്രാഥമിക നിഗമനം. സമൂഹ മാദ്ധ്യമങ്ങളിലെ തീവ്രവാദ ഗ്രൂപ്പുകൾ വഴി ഇവർ ആശയവിനിമയം നടത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ‘മിഷൻ ഖിലാഫത്ത്’, ‘സോൾജിയേഴ്സ് ഓഫ് പ്രോഫറ്റ്’ തുടങ്ങിയ ഓൺലൈൻ ശൃംഖലകളിൽ സജീവമായിരുന്ന ഇവർക്ക് പാകിസ്ഥാൻ കേന്ദ്രമായുള്ള ഹാൻഡ്‌ലർമാരിൽ നിന്നാണ് നിർദ്ദേശങ്ങൾ ലഭിച്ചിരുന്നത്. ജെയ്‌ഷെ മുഹമ്മദ് പ്രതിനിധി എന്ന് കരുതപ്പെടുന്ന അബു ഹുഫേസ എന്നയാളാണ് ഇവരെ ഡിജിറ്റൽ മാർഗ്ഗങ്ങളിലൂടെ തീവ്രവാദത്തിലേക്ക് ആകർഷിച്ചതെന്ന് അന്വേഷണ സംഘം വെളിപ്പെടുത്തി.
കളിപ്പാട്ട കാറുകൾക്കുള്ളിൽ സ്ഫോടകവസ്തുക്കൾ (ഐഇഡി) ഘടിപ്പിച്ച് തിരക്കേറിയ സ്ഥലങ്ങളിൽ സ്‌ഫോടനം നടത്താനായിരുന്നു ഇവരുടെ നീക്കം. ഇതിനായുള്ള പരിശീലനം ഇവർ ഓൺലൈൻ വഴി നേടിയിരുന്നു. മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഈ ശൃംഖലയിൽ പ്രായപൂർത്തിയാകാത്ത നാലഞ്ചു കുട്ടികൾ കൂടി ഉൾപ്പെട്ടിട്ടുണ്ടെന്ന സൂചനയെത്തുടർന്ന് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഭീകരപ്രവർത്തനത്തിന് പണം ലഭിച്ച ഉറവിടങ്ങളെക്കുറിച്ചും മറ്റാരെങ്കിലും ഇവർക്ക് പ്രാദേശികമായി സഹായം നൽകിയിട്ടുണ്ടോ എന്നും ഉദ്യോഗസ്ഥർ പരിശോധിക്കുന്നു. അതിർത്തിക്കപ്പുറത്ത് നിന്ന് പ്രകോപനപരമായ പ്രസ്താവനകൾ ഉണ്ടാകുന്ന സാഹചര്യത്തിൽ രാജ്യത്തെ പ്രധാന നഗരങ്ങളിൽ സുരക്ഷാ ഏജൻസികൾ അതീവ ജാഗ്രത പാലിക്കുകയാണ്.
രാജ്യവിരുദ്ധ ശക്തികൾ രാജ്യത്ത് സ്ഫോടനങ്ങൾക്ക് പദ്ധതിയിടാനുള്ള സാധ്യതയെക്കുറിച്ച് തത്ത്വമയി ന്യൂസിൽ സംപ്രേക്ഷണം ചെയ്യുന്ന ആർ പി തോട്ട്സ് എന്ന പരിപാടിയിൽ തത്ത്വമയി ന്യൂസ് ചീഫ് എഡിറ്റർ രാജേഷ് പിള്ള ആശങ്ക പങ്കുവച്ചിരുന്നു

