ശ്രീനഗർ: ലഷ്‌കർ ഇ ത്വയ്ബയ്ക്ക് തിരിച്ചടി നൽകി സുരക്ഷാ സേന. ജമ്മുകശ്മീരിൽ വൻ ആക്രമണം നടത്താനുള്ള ലഷ്‌കർ ഇ ത്വയ്ബയുടെ പദ്ധതിയ്‌ക്കാണ് ശക്തമായ തിരിച്ചടി സുരക്ഷാ സേന നൽകിയത്. സ്ത്രീകൾ ഉൾപ്പെടെ ഏഴ് ഭീകരരെ സേന പിടികൂടി. ജമ്മു കശ്മീരിലെ ബന്ദിപ്പോരയിലാണ് സംഭവം. ബന്ദിപ്പോര നഗരത്തിൽ ലഷ്‌കർ ഭീകരർ ഒളിവിൽ കഴിയുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധനയ്‌ക്കായി എത്തിയപ്പോഴാണ് ഇവരെ പിടികൂടിയത്.
ഭീകരരുടെ പക്കൽ നിന്നും സേന വൻ ആയുധ ശേഖരങ്ങളും പിടിച്ചെടുത്തു. രണ്ട് പിസ്റ്റലുകൾ, രണ്ട് പിസ്റ്റൽ മാഗസിനുകൾ, 25 വെടിയുണ്ടകൾ, മൂന്ന് ഗ്രനേഡുകൾ എന്നിവയാണ് പിടിച്ചെടുത്തത്. ഇവർ സഞ്ചരിക്കാൻ ഉപയോഗിച്ച നാല് ഇരു ചക്രവാഹനങ്ങളും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
നദിഹൽ സ്വദേശി ആരിഫ് അജാസ് ഷെഹ്‌രി, രാംപോര സ്വദേശി അജാസ് അഹമ്മദ് റെഷി, ഗോണ്ട് പോര സ്വദേശി ഷാരിഖ് അഹമ്മദ് ലോൺ, ബന്ദിപ്പോര സ്വദേശിനികളായ മേഥാ ഷെഹ്‌രി, ഗുൽബാബ്, മഖ്‌സൂദ് അഹമ്മദ് മാലിക്ക്, ഷീമാ ഷാഫി വാസ എന്നിവരാണ് അറസ്റ്റിലായത്. പാകിസ്ഥാനിൽ നിന്നും പരിശീലനം ലഭിച്ചയാളാണ് ഷെഹ്‌രി.
എന്നാൽ 2018 ൽ വാഗാ അതിർത്തിവഴി പാകിസ്ഥാനിലേക്ക് പോയ ഇയാൾ പരിശീലനം പൂർത്തിയാക്കി അടുത്തിടെ ആയുധങ്ങളുമായി തിരികെ നുഴഞ്ഞുകയറുകയായിരുന്നു.
അതേസമയം ബന്ദിപ്പോരയിൽ സുരക്ഷാ സേനയെ ഉൾപ്പെടെ ആക്രമിക്കാൻ ലക്ഷ്യമിട്ടാണ് ഭീകരർ എത്തിയതെന്നാണ് വിവരം. പിടിയിലായ 4 വനിതകളും ഭീകരർക്ക് സഹായം നൽകിയവരാണ്. സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

