തൃശൂര്‍ : തൃശൂര്‍ പൂരത്തിനു തെച്ചിക്കോട്ട് രാമചന്ദ്രനെ എഴുന്നള്ളിക്കാന്‍ ഉപാധികളോടെ അനുമതി .ആനയ്ക്ക് മദപ്പാടില്ലെന്നും, പാപ്പാന്മാരെ അനുസരിക്കുന്നുണെന്നുമുള്ള ഫിറ്റ്‌നസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി . ആനയുടെ കാഴ്ച്ച്ശക്തി പൂര്‍ണ്ണമായും നഷ്ടപ്പെട്ടതായി പറയാന്‍ സാധിക്കില്ലെന്നും വിദഗ്ധ സംഘം കലക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
എന്നാല്‍ സുരക്ഷയുടെ ഭാഗമായി പൂരവിളംബരത്തിനായി തെക്കേ ഗോപുരനട തുറക്കുന്ന സമയത്തെത്തുന്ന ജനങ്ങളെ ബാരിക്കേഡ് ഉപയോഗിച്ച് നിയന്ത്രിക്കാനും തീരുമാനിച്ചിട്ടുണ്ട് . പത്ത് മീറ്റര്‍ ചുറ്റളവില്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കും . നാളെ രാവിലെ 9.30 മുതല്‍ 10.30 വരെ വടക്കും നാഥ ക്ഷേത്രത്തിലെ ചടങ്ങുകളിലാകും രാമചന്ദ്രനെ എഴുന്നള്ളിക്കുക . നാലു പാപ്പാന്മാരുടെ സംരക്ഷണത്തിലാകും രാമനെത്തുക
ആനയുടെ ആരോഗ്യ നില തൃപ്തികരമെങ്കില്‍ പൂര വിളംബരചടങ്ങില്‍ പങ്കെടുപ്പിക്കുമെന്ന് കലക്ടര്‍ നേരത്തെ പറഞ്ഞിരുന്നു .
തെച്ചിക്കോട്ട് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കാമെന്ന് തെച്ചിക്കോട്ട് ദേവസ്വം അറിയിച്ചിട്ടുണ്ട് . സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ഏതു നിര്‍ദേശത്തോടും സഹകരിക്കുമെന്നും,എല്ലാ സംവിധാനങ്ങളും ഒരുക്കി നല്‍കുമെന്നും ആന ഉടമസ്ഥ സംഘം അറിയിച്ചു

