Monday, January 5, 2026

ഒടുവില്‍ തോല്‍വി സമ്മതിച്ച് സീതാറാം യച്ചൂരി: സിപിഎം അനുഭാവികള്‍ ബിജെപിക്കു വോട്ടുചെയ്തു

കൊല്‍ക്കത്ത: ബംഗാളിലെ സിപിെമ്മുകാരില്‍ നല്ലൊരു ശതമാനവും ഇത്തവണ ബിജെപിയെയാണ് പിന്തുണച്ചതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇതാദ്യമായാണ് ഇടത് വോട്ടര്‍മാര്‍ ബിജെപിയെ പിന്തുണച്ചുവെന്ന കാര്യം യെച്ചൂരി തുറന്ന് പറയുന്നത്.

2016 നിയമസഭ തെരഞ്ഞെടുപ്പ് വരെ ഇടത് പക്ഷത്തിന് പിന്തുണ നല്‍കിയ ഭൂരിപക്ഷം പേരും ഇത്തവണ ബിജെപിക്കാണ് വോട്ട് നല്‍കിയതെന്നാണ് യെച്ചൂരി പറഞ്ഞത്. ബിജെപിക്ക് സംസ്ഥാനത്ത് 18 സീറ്റുകള്‍ ലഭിക്കാന്‍ ഇത് സഹായിച്ചുവെന്നും യെച്ചൂരി പറഞ്ഞു.

‘ ബിജെപിക്ക് ഞങ്ങളുടെ പ്രവര്‍ത്തകര്‍ വോട്ട് ചെയ്തത് വളരെ സ്വാഭാവികമായ ഒരു പ്രക്രിയ മാത്രമാണ്. തങ്ങള്‍ക്ക് നേരെ തൃണമൂലുകാര്‍ നടത്തുന്ന അക്രമങ്ങളില്‍ നിന്നും അടിച്ചമര്‍ത്തലുകളില്‍ നിന്നും രക്ഷപെടുന്നതിന് വേണ്ടിയുള്ള ഒരു നീക്കമായിരുന്നു ഇത്. തൃണമൂലിനെതിരെ വലിയ തോതിലുള്ള ധ്രുവീകരണമാണ് സംഭവിച്ചത്. എന്നാല്‍ പാര്‍ട്ടി മെമ്പര്‍മാര്‍ ആരും ബിജെപിക്ക് വോട്ട് ചെയ്തില്ലെന്നും, തങ്ങളെ പിന്തുണക്കുന്ന ഇടത് അനുഭാവികള്‍ മാത്രമാണ് ബിജെപിക്ക് വേണ്ടി വോട്ട് ചെയ്തതെന്നും’ യെച്ചൂരി പറഞ്ഞു.

സംസ്ഥാനത്ത് പാര്‍ട്ടി നടത്തിയ പ്രകടനം വിലയിരുത്തുന്നതിനായി ചേര്‍ന്ന സ്റ്റേറ്റ് കമ്മിറ്റി യോഗത്തിനായി എത്തിയപ്പോഴായിരുന്നു യെച്ചൂരിയുടെ തുറന്ന് പറച്ചില്‍.

തങ്ങളുമായി സഖ്യം ചേരാന്‍ തയാറാകാതിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയേയും അദ്ദേഹം വിമര്‍ശിച്ചു. തുല്യമായ രീതിയില്‍ പരിഗണന നല്‍കിയെങ്കിലും, കോണ്‍ഗ്രസ് താത്പര്യം കാണിച്ചില്ലെന്നും, ഇടത് പക്ഷം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താത്ത രണ്ട് സീറ്റുകളില്‍ മാത്രമാണ് അവര്‍ക്ക് വിജയം നേടാനായതെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ സഖ്യ സാധ്യതകളെക്കുറിച്ചുള്ള തുറന്ന് പറച്ചിലിന്റെ ആവശ്യം ഇനിയില്ലെന്ന് കോണ്‍ഗ്രസ് ബെര്‍ഹാംപോര്‍ എംപി ആദിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.ബംഗാളിലെ ജനങ്ങള്‍ ബിജെപിയിലാണ് വിശ്വാസം കണ്ടെത്തിയത്. അതുകൊണ്ടാണ് അവര്‍ക്ക് ജനങ്ങള്‍ വോട്ട് നല്‍കിയതെന്നും രഞ്ജന്‍ ചൗധരി പറഞ്ഞു.

Related Articles

Latest Articles