Sunday, May 19, 2024
spot_img

ആദായ നികുതി വകുപ്പിൽ സർജിക്കൽ സ്ട്രൈക്ക്: അഴിമതിക്കാരോട് നിർബന്ധിത വിരമിക്കൽ നിർദേശവുമായി നിർമലാ സീതാരാമൻ

ദില്ലി: പ്രതിരോധ മന്ത്രിയായിരുന്ന നിർമലാ സീതാരാമൻ ധനമന്ത്രിയായതോടെ ധന മന്ത്രാലയത്തിലും സർജിക്കൽ സ്ട്രൈക്ക് തുടങ്ങി. അഴിമതിക്കാരായ ഉദ്യോഗസ്ഥർക്ക് കടിഞ്ഞാണിടാനുള്ള പ്രാരംഭ നടപടികൾ കേന്ദ്ര ധന മന്ത്രാലയം തുടങ്ങിക്കഴിഞ്ഞു . ഇതിന്‍റെ ഭാഗമായി ആദായനികുതി വകുപ്പിലെ പന്ത്രണ്ട് മുതിർന്ന ഉദ്യോഗസ്ഥർക്ക് നിർബന്ധിത വിരമിക്കലിനു നിർദേശം നൽകി.

ചീഫ് കമ്മീഷണറും പ്രന്‍സിപ്പല്‍ കമ്മീഷണറും അടക്കമുള്ള ഉന്നതർക്കാണ് പൂട്ട് വീഴുന്നത്. അഴിമതി, അനധീകൃത സ്വത്ത് സമ്പാദനം, ലൈംഗീകാതിക്രമം എന്നിങ്ങനെയുള്ള പരാതികളാണ് കടുത്ത നടപടിയിലേക്ക് നീങ്ങാൻ നിര്‍മ്മലാ സീതാരാമനെ പ്രേരിപ്പിച്ചത്. പൊതു ധനകാര്യ ചട്ടം റൂള്‍ 56 പ്രകാരമാണ് നടപടിയെടുക്കുന്നത്.

ആദായനികുതി വകുപ്പ് ജോയിന്‍റ് കമ്മിഷണർ അശോക് അഗർവാൾ , എസ് കെ ശ്രീവാസ്തവ , ഹോമി രാജ്‌വാഷ് , ബി ബി രാജേന്ദ്ര പ്രസാദ്, അജോയ് കുമർ സിങ്, അലോക് കുമാർ മിത്ര, ചന്ദർ സൈനി ഭാരതി, അന്ദാസു രവീന്ദ്രർ, വിവേക് ബത്ര, ശ്വേതബ് സുമൻ, റാം കുമാർ ഭാർഗവ എന്നിവർക്കാണ് വിരമിക്കൽ നോട്ടിസ് .

മുഖ വ്യവസായിയിൽ നിന്നു കോഴ വാങ്ങിയെന്നാണ് ജോയിന്‍റ് കമ്മിഷണർ അശോക് അഗർവാളിനെതിരായ ആരോപണം. രണ്ടു വനിതാ ഐആർഎസ് ഉദ്യോഗസ്ഥരെ ലൈംഗികമായി അതിക്രമിച്ചുവെന്നാണ് എസ് കെ ശ്രീവാസ്തവക്കെതിരെയുള്ള പരാതി. അനധികൃത സ്വത്ത് സമ്പാദന കേസിൽ 2009 മുതൽ സസ്പെൻഷനിലുള്ള ഉദ്യോഗസ്ഥനാണ് ഹോമി രാജ്‌വാഷ്.

വിവിധ വകുപ്പുകളിൽ നിര്‍ബന്ധിത വിരമിക്കല്‍ ആവശ്യമായ ഉദ്യോഗസ്ഥരുടെ പേര് നൽകാൻ കാബിനറ്റ് സെക്രട്ടറിയേറ്റും കേന്ദ്ര വിജലന്‍സ് കമ്മീഷനും വകുപ്പ് തലവന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്‍റെ തുടർച്ചയാണ് ധനകാര്യവകുപ്പില്‍ നടക്കുന്നത്. മറ്റു വകുപ്പുകളിലും സമാനമായ നടപടിയുണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. രണ്ടാം മോഡി സർക്കാരും അഴിമതിയെ വച്ചുപൊറുപ്പിക്കില്ലെന്ന എന്ന കൃത്യമായ സന്ദേശമാണ് ഈ നടപടികളിലൂടെ ഗവണ്മെന്റ് നൽകുന്നത്.

Related Articles

Latest Articles