Friday, May 17, 2024
spot_img

109 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം വെറുതെയായി; കുഴല്‍ക്കിണറില്‍ വീണ രണ്ടു വയസുകാരൻ മരിച്ചു

സാംഗ്രൂര്‍: 150 അടി ആഴമുള്ള കുഴല്‍ക്കിണറില്‍ വീണ രണ്ടു വയസുകാരനെ പുറത്തെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 109 മണിക്കൂര്‍ നീണ്ട് നിന്ന രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് കുട്ടിയെ കുഴല്‍ക്കിണറില്‍ നിന്ന് പുറത്തെടുത്തത്. പഞ്ചാബിലെ സാംഗ്രൂ‌രിലെ ഭഗ്വന്‍പൂര്‍ ഗ്രാമത്തിലാണ് സംഭവം. കുഴല്‍ക്കിണറിലകപ്പെട്ട കുട്ടിയെ ചൊവ്വാഴ്ച രാവിലെയോടെയാണ് പുറത്തെത്തിച്ചത്.

വീടിനടുത്ത് കളിക്കുന്നതിനിടെ കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് നാല് മണിയോടെയാണ് ഫത്തേവീര്‍ സിംഗ് ഗ്രാമത്തിലെ ഉപയോഗ ശൂന്യമായ കുഴല്‍ക്കിണറില്‍ വീണത്. തുണികൊണ്ട് മൂടിയ നിലയിലായിരുന്നു കിണര്‍. കുട്ടിയുടെ അമ്മ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കിണറിലകപ്പെട്ട കുട്ടിക്ക് ഭക്ഷണമോ വെള്ളമോ നല്‍കാന്‍ കഴിഞ്ഞിരുന്നില്ല, ഓക്സിജന്‍ നല്‍കിയിരുന്നു.

അഞ്ച് ദിവസത്തെ രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ ഇന്ന് രാവിലെ 5.30ഓടെ കുട്ടിയെ പുറത്തെടുത്തു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ ഉണ്ടായിട്ടും 140 കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയില്‍ റോഡുമാര്‍ഗമാണ് കുട്ടിയെ കൊണ്ടുപോയത്. ഇത് പ്രതിഷേധത്തിന് കാരണമായി. കുഴല്‍ക്കിണറിന് സമാന്തരമായി മറ്റൊരു കിണര്‍ കുഴിച്ചാണ് രണ്ടു വയസുകാരനെ പുറത്തെത്തിച്ചത്.

Related Articles

Latest Articles