Saturday, January 10, 2026

റഷ്യയെ നടുക്കി ഭൂകമ്പ പരമ്പര ! ഒരു മണിക്കൂറിനുള്ളിൽ ഉണ്ടായത് 5 ഭൂചലനങ്ങൾ; 300 കിമീ ദൂരത്തിൽ സുനാമി മുന്നറിയിപ്പ്

മോസ്കോ: റഷ്യയെ നടുക്കി ഭൂകമ്പ പരമ്പര. ഒറ്റ മണിക്കൂറിൽ അഞ്ച് ഭൂചലനങ്ങളാണ് റിപ്പോർട്ട് ചെയ്തതെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റഷ്യയുടെ കംചാട്ക തീരത്താണ് 7.4 തീവ്രതയുള്ള ഭൂകമ്പമുണ്ടായത്. റഷ്യയുടെ കിഴക്കൻ മേഖലയിൽ സുനാമി മുന്നറിയിപ്പടക്കം പുറപ്പെടുവിച്ചിട്ടുണ്ട്. റഷ്യൻ അടിയന്തര സേവന വിഭാഗമാണ് പ്രദേശത്ത് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. 300 കിലോമീറ്റർ വരെ ദൂരത്തിൽ അപകടകരമായ സുനാമി തിരമാലകൾ ഉണ്ടാകാനുള്ള സാധ്യത ഉയർന്നതായി മുന്നറിയിപ്പ് നൽകി.

കമാൻഡർ ദ്വീപുകളിലെ ജനവാസം കുറഞ്ഞ അല്യൂട്സ്കി പ്രവിശ്യയിൽ 60 സെന്റീമീറ്റർ വരെ ഉയരമുള്ള തിരമാലകൾ എത്താൻ സാധ്യതയുണ്ടെന്ന് റഷ്യയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ ടാസ് റിപ്പോർട്ട് ചെയ്തു. കിഴക്കൻ കംചാട്കയിലെ ഉസ്റ്റ്-കാംചത്സ്കി മേഖലയിൽ 40 സെന്റീമീറ്റർ വരെ ഉയരമുള്ള തിരമാലകൾ ഉണ്ടാകാമെന്നും, പെട്രോപാവ്ലോവ്സ്ക്-കാംചത്സ്കി നഗരപ്രദേശത്ത് (ഈ ഉപദ്വീപിന്റെ തെക്കുകിഴക്കൻ ഭാഗത്തെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശം) 15 സെന്റീമീറ്റർ വരെ ഉയരമുള്ള തിരമാലകൾ ഉണ്ടാകാമെന്നും റിപ്പോർട്ടിൽ പറയുന്നു.

7.4, 6.6, 5.0 എന്നീ തീവ്രതകളിലാണ് ഭൂകമ്പമുണ്ടായതെന്നാണ് യു എസ് ജിയോളജിക്കൽ സർവേ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ ആദ്യം 6.7 എന്ന് റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും പിന്നീട് 7.4 ആയി പുതുക്കി.

Related Articles

Latest Articles