Saturday, May 18, 2024
spot_img

നദികൾ കരകവിഞ്ഞൊഴുകുന്നു; സംസ്ഥാനത്തെ ഏഴു ജില്ലകള്‍ വെള്ളപ്പൊക്ക ഭീഷണിയില്‍

തിരുവനന്തപുരം : മഴ കനത്തതോടെ, നദികളില്‍ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ഏഴു ജില്ലകള്‍ വെള്ളപ്പൊക്ക ഭീഷണിയില്‍. നദിയോട് ചേര്‍ന്നുള്ള മേഖലകളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ വെള്ളപ്പൊക്കമുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. പ്രളയത്തിലും ഉരുള്‍ പൊട്ടലിലും വയനാട് ഒറ്റപ്പെട്ടു. കാസര്‍കോട് ജില്ലയില്‍ തേജസ്വിനി പുഴയുടെ കൈവഴികള്‍ കര കവിഞ്ഞു മുനയന്‍ കുന്നിലെ 25 കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. ജില്ലകളില്‍ ജാ​ഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

കണ്ണൂര്‍ ജില്ലയില്‍ കൊട്ടിയൂര്‍, അമ്പായത്തോട്, ശ്രീകണ്ഠപുരം ടൗണുകള്‍ ഒറ്റപ്പെട്ടു. കൊട്ടിയൂരില്‍ ബാവലിപ്പുഴ കരകവിഞ്ഞ് കേളകം, കൊട്ടിയൂര്‍, കണിച്ചാര്‍, കുറ്റ്യാട്ടൂര്‍ പാവന്നൂര്‍കടവ് എന്നിവിടങ്ങളില്‍ വെള്ളപ്പൊക്കം രൂക്ഷമാണ്. മട്ടന്നൂരില്‍ മണ്ണൂര്‍, വെളിയമ്പ്ര എന്നിവിടങ്ങളിലും ഇരിട്ടിയില്‍ വള്ളിത്തോട്, മാടത്തില്‍ ടൗണുകളിലും വെള്ളം നിറഞ്ഞു. ചാലിയാര്‍ പുഴ കരകവിഞ്ഞ് നിലമ്പൂര്‍ നഗരത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിലായി.

കോട്ടയം ജില്ലയില്‍ മീനച്ചില്‍, മണിമല, അഴുത നദികള്‍ പല സ്ഥലങ്ങളിലും കര കവി‍ഞ്ഞു. പാലായിലും മുണ്ടക്കയം വെള്ളം പൊങ്ങി. കുട്ടനാട്ടിലെ ജലനിരപ്പ് ഉയരുന്നു. മലങ്കര ഡാമിന്റെ 6 ഷട്ടറുകള്‍ ഉയര്‍ത്തി. മൂവാറ്റുപുഴയാര്‍ നിറഞ്ഞൊഴുകി. മൂവാറ്റുപുഴ ന​ഗരവും സമീപപ്രദേശങ്ങളും വെള്ളത്തിലായി. കൊച്ചി നഗരത്തില്‍ കനത്ത മഴയില്‍ ഇടറോഡുകളില്‍ വെളളക്കെട്ട് രൂക്ഷമായി. എറണാകുളം കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡ് വെളളത്തിനടിയിലായി. ഇടുക്കി ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെളളം കയറി. പമ്പാനദി കരകവിഞ്ഞു പമ്പാ ത്രിവേണിയിലെ കടകളില്‍ വെള്ളംകയറി.

Related Articles

Latest Articles