Monday, June 17, 2024
spot_img

അയോദ്ധ്യയിൽ കലാപമുണ്ടാക്കാൻ ശ്രമിച്ച സംഭവം: കേസിൽ 7 പേർ അറസ്റ്റിൽ

ലക്‌നൗ: അയോദ്ധ്യയിൽ കലാപമുണ്ടാക്കാൻ ശ്രമിച്ച കേസിലെ ഏഴ് പ്രതികൾ അറസ്റ്റിൽ. പ്രത്യുഷ് ശ്രീവാസ്തവ, നിതിൻ കുമാർ, ദീപക് കുമാർ ഗൗർ, ബ്രജേഷ് പാണ്ഡെ, ശത്രുഘ്‌ൻ പ്രജാപതി എന്നിവരാണ് അറസ്റ്റിലായ പ്രതികൾ. മാത്രമല്ല മുഖ്യ സൂത്രധാരൻ മഹേഷ് കുമാർ മിശ്ര ഉൾപ്പെടെ അറസ്റ്റിലായെന്ന് പോലീസ് അറിയിച്ചു.

അയോദ്ധ്യ ക്ഷേത്ര നഗരമായതിനാൽ ഇവിടുത്തെ സമാധാനവും സൗഹാർദ്ദവും തകർക്കാൻ ശ്രമിച്ചതിനും ആരാധനാലയത്തിന് സമീപം പ്രകോപനമുണ്ടാക്കുന്ന വസ്തുക്കൾ എറിഞ്ഞതിനുമാണ് ഇവർക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

അതേസമയം ജഹാംഗീർപുരി സംഘർഷത്തിന്റെ പ്രതികാരമാണിതെന്ന് പോലീസ് വ്യക്തമാക്കി. ബുധനാഴ്ച പുലർച്ചെയാണ് സംഭവമുണ്ടായത്. കലാപമുണ്ടായതിനെ തുടർന്ന് അയോദ്ധ്യയിൽ സുരക്ഷ ശക്തമാക്കിയിരുന്നു. മാംസം, വിശുദ്ധ ഗ്രന്ഥത്തിന്റെ കീറിയ പേപ്പറുകൾ എന്നിവ പള്ളികളുടെ ഗേറ്റിന് പുറത്ത് വലിച്ചെറിഞ്ഞതായി റിപ്പോർട്ടുണ്ട്.

സംഭവ ദിവസം പോലീസിന് വിവരം ലഭിച്ചയുടൻ, ഉടനടി നടപടിയെടുക്കുകയും പ്രകോപനമുണ്ടാക്കുന്ന എല്ലാ വസ്തുക്കളും ഉടനടി നീക്കം ചെയ്യുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. തുടർന്ന് ക്രമസമാധാന നില നിലനിർത്താൻ നഗരത്തിലുടനീളം വൻതോതിൽ പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

മാത്രമല്ല സംഭവത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടോയെന്ന അന്വേഷണത്തിലാണ് പോലീസ്. യുപിയിലെ ക്രമസമാധാന നില തകർക്കാൻ ആരെങ്കിലും മനഃപൂർവ്വം ശ്രമിക്കുന്നുണ്ടോ എന്നാണ് പ്രധാന അന്വേഷണം. പോലീസിന്റെ സമയോചിത ഇടപെടൽ മൂലമാണ് വലിയ കലാപം ഒഴിവായത്.

Related Articles

Latest Articles