തിരുവനന്തപുരം : കാട്ടാക്കട ക്രിസ്ത്യന്‍ കോളേജില്‍, തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത വിദ്യാർത്ഥിയെ സര്‍വകലാശാല യൂണിയനില്‍ എത്തിക്കാന്‍ എസ്.എഫ്.ഐ. നടത്തിയ ആൾമാറാട്ടം വിവാദമായതോടെ കേരള സർവകലാശാല തെരഞ്ഞെടുപ്പ് മാറ്റിവച്ചു. സര്‍വകലാശാല യൂണിയന്‍ സെനറ്റ്, സ്റ്റുഡന്റ് കൗണ്‍സില്‍ എന്നീ തിരഞ്ഞെടുപ്പുകളാണ് മാറ്റിവെച്ചത്. കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ കൗണ്‍സിലര്‍ സ്ഥാനത്തേക്കു മത്സരിച്ചു വിജയിച്ച പെണ്‍കുട്ടിക്കു പകരമാണ് എ. വിശാഖിനെ സര്‍വകലാശാലാ യൂണിയനിലേക്ക് എത്തിക്കാൻ കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ എസ്.എഫ്.ഐ. ശ്രമിച്ചത്. സംഭവം പുറത്തായതോടെ വിശാഖിനെ എല്ലാ സംഘടനാ ചുമതലകളില്‍നിന്നും മാറ്റിനിര്‍ത്തി തടിയൂരാനാണ് സംഘടനയുടെ നീക്കം.
കഴിഞ്ഞ ഡിസംബര്‍ 12-ന് നടന്ന കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ സ്ഥാനത്തേക്ക് എസ്.എഫ്.ഐ. ടിക്കറ്റിൽ ജയിച്ച അനഘ എന്ന വിദ്യാർത്ഥിനിക്ക് പകരം കോളേജിലെ ഒന്നാം വര്‍ഷ ബി. എസ്‌സി വിദ്യാർത്ഥിയും എസ്.എഫ്.ഐ. കാട്ടാക്കട ഏരിയാ സെക്രട്ടറിയുമായ എ. വിശാഖിന്റെ പേരാണ് സര്‍വകലാശാലയിലേക്ക് നല്‍കിയ യു.യു.സിമാരുടെ ലിസ്റ്റിലുള്ളത്. അനഘ, ആരോമല്‍ എന്നിവരാണ് യു.യു.സികളായി ജയിച്ചത്. വിശാഖ് കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടില്ല.
ഏരിയാ സെക്രട്ടറിയെ കേരള സര്‍വകലാശാലാ യൂണിയന്‍ നേതൃത്വത്തിലേക്ക് എത്തിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തില്‍ ആൾമാറാട്ടം സംഘടന നടത്തിയതെന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം. മേയ് 26-ന് ആണ് സര്‍വകലാശാല യൂണിയന്‍ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്.

