Monday, May 20, 2024
spot_img

വൈപ്പിന്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ സംഘര്‍ഷം; സി.പി.എം.- സി.പി.ഐ മുന്നണി ബന്ധത്തെ ബാധിക്കുന്നു

കൊച്ചി: വൈപ്പിന്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ എസ്.എഫ്.ഐ- എ.ഐ.എസ്.എഫ് സംഘര്‍ഷം സി.പി.എം.- സി.പി.ഐ മുന്നണി ബന്ധത്തെ ബാധിക്കുന്നു. എ.ഐ.എസ്.എഫ് പ്രവര്‍ത്തകരെ കാണാനെത്തിയ സിപിഐ ജില്ലാ സെക്രട്ടറി പി. രാജുവിന്റെ വാഹനം എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞതാണ് തര്‍ക്കം മുന്നണി ബന്ധത്തെ ബാധിക്കുന്ന നിലയിലേക്ക് വളര്‍ന്നത്. പി.രാജുവിനെ തടഞ്ഞതില്‍ പ്രതിഷേധിച്ച്‌ പാലാരിവട്ടം മേല്‍പാലം സമര സമാപനത്തില്‍ നിന്ന് സി.പി.ഐ വിട്ടുനിന്നേക്കും. കഴിഞ്ഞ ദിവസമാണ് എസ്.എഫ്.ഐ- എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്.

സംഘര്‍ഷത്തില്‍ പരിക്കേറ്റ ചില എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. രാത്രിയോടെ ഇവരെ കാണാനായി പി. രാജു ആശുപത്രിയിലെത്തിയിരുന്നു. എന്നാല്‍ പി.രാജുവിന്റെ കാറിന് മുന്നില്‍ എസ്.എഫ്.ഐ- ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ബൈക്കുകളിലെത്തി തടഞ്ഞുവെന്നാണ് സിപിഐ പറയുന്നത്. ഇവര്‍ ഇക്കാര്യം പരാതിയായി ഉന്നയിക്കുകയും ചെയ്തു. കാര്‍ തടഞ്ഞതുമായി ബന്ധപ്പെട്ട് മണിക്കൂറുകളോളം തര്‍ക്കം തുടര്‍ന്നു. ഇതാണ് മുന്നണി ബന്ധത്തിനെ ബാധിക്കുന്ന നിലയിലേക്ക് മാറിയിരിക്കുന്നത്.

ഇടതുമുന്നണി നടത്തുന്ന പാലാരിവട്ടം മേല്‍പാല സമരത്തിന്റെ സമാപന ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് പി. രാജു പറഞ്ഞിരുന്നു. വിട്ടുനില്‍ക്കുന്നതിന് കാരണം വ്യക്തമാക്കിയിട്ടില്ലെങ്കിലും വിദ്യാര്‍ഥി സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ അനിഷ്ട സംഭവങ്ങളാണ് വിട്ടുനില്‍ക്കുന്നതിന് പിന്നിലെന്നാണ് സൂചന. സംസ്ഥാന തലത്തില്‍ തന്നെ എസ്.എഫ്.ഐ- എ.ഐ.എസ്.എഫ് സംഘടനകള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാന നേതൃത്വങ്ങള്‍ ശ്രമിക്കുന്നതിനിടെയാണ് വൈപ്പിനിലെ സംഘര്‍ഷം മറ്റൊരു തലവേദനയാകുന്നത്.

Related Articles

Latest Articles