കൊച്ചി : കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ എസ്എഫ്ഐ ആൾമാറാട്ടക്കേസിൽ അറസ്റ്റ് തടയണമെന്ന എസ്എഫ്ഐ നേതാവ് വിശാഖിന്റെ ആവശ്യം അംഗീകരിക്കാതെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ബുധനാഴ്ചയിലേക്കു മാറ്റി. ആൾമാറാട്ടം നടത്തിയതിൽ കോളജ് പ്രിൻസിപ്പലാണ് ഉത്തരവാദിയെന്നാണ് വിശാഖ് ഹൈക്കോടതിയിൽ വാദിച്ചത്. എന്നാൽ വിശാഖിന്റെ പേരെഴുതിവച്ചിട്ട് പ്രിൻസിപ്പലിന് എന്തു കാര്യമെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ചോദിച്ചു.
ആൾമാറാട്ടകേസിൽ കോളജ് പ്രിൻസിപ്പൽ ഡോ.ജി.ജെ.ഷൈജുവിനെ ഒന്നാം പ്രതിയാക്കിയും എ.വിശാഖിനെ രണ്ടാം പ്രതിയാക്കിയുമാണ് പൊലീസ് കേസെടുത്തിരുന്നത്. യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ ആൾമാറാട്ടം, വ്യാജരേഖ ചമയ്‌ക്കൽ, കേരള സർവകലാശാലയെ തെറ്റിധരിപ്പിക്കൽ എന്നിവയാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ.
കഴിഞ്ഞ ഡിസംബര്‍ 12-ന് നടന്ന കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ സ്ഥാനത്തേക്ക് എസ്.എഫ്.ഐ. ടിക്കറ്റിൽ ജയിച്ച അനഘ എന്ന വിദ്യാർത്ഥിനിക്ക് പകരം കോളേജിലെ ഒന്നാം വര്‍ഷ ബി. എസ്‌സി വിദ്യാർത്ഥിയും എസ്.എഫ്.ഐ. കാട്ടാക്കട ഏരിയാ സെക്രട്ടറിയുമായ എ. വിശാഖിന്റെ പേരാണ് സര്‍വകലാശാലയിലേക്ക് നല്‍കിയ യു.യു.സിമാരുടെ ലിസ്റ്റിലുണ്ടായിരുന്നത്. അനഘ, ആരോമല്‍ എന്നിവരാണ് യു.യു.സികളായി ജയിച്ചത്. വിശാഖ് കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടില്ല.
ഏരിയാ സെക്രട്ടറിയെ കേരള സര്‍വകലാശാലാ യൂണിയന്‍ നേതൃത്വത്തിലേക്ക് എത്തിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തില്‍ ആൾമാറാട്ടം സംഘടന നടത്തിയതെന്നാണ് ഉയരുന്ന ആരോപണം.ഇതിനെത്തുടർന്ന് മേയ് 26-ന് നിശ്ചയിച്ചിരുന്ന സര്‍വകലാശാല യൂണിയന്‍ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നേരത്തെ നീട്ടിവച്ചിരുന്നു. പ്രിൻസിപ്പൽ ഇൻ ചാർജ് ജി ജെ ഷൈജുവിന് തട്ടിപ്പിൽ പങ്കുണ്ടെന്ന് തെളിഞ്ഞതോടെ തത്‌സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. തെരഞ്ഞെടുപ്പിൽ വിജയിച്ച അനഘ രാജി സന്നദ്ധത അറിയിച്ചതിനാലാണ് വിശാഖിന്റെ പേര് ഉൾപ്പെടുത്തിയ ലിസ്റ്റ് സർവകലാശാലയ്ക്ക് കൈമാറിയതെന്നായിരുന്നു പ്രിൻസിപ്പലിന്റെ വിശദീകരണം. എന്നാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള പ്രായപരിധി കഴിഞ്ഞതിനാൽ പത്രിക സമർപ്പിക്കാനാകാത്ത വിശാഖിനെ പട്ടികയിൽ ഉൾപ്പെടുത്തിയത് ഗുരുതര വീഴ്ചയാണെന്ന് സർവ്വകലാശാല കണ്ടെത്തിയിരുന്നു,

