Saturday, May 11, 2024
spot_img

പലസ്തീനെ പിന്തുണച്ച് ദില്ലിയിലെ ഇസ്രായേൽ എംബസിയിലേക്ക് വീണ്ടും എസ്എഫ്‌ഐ മാര്‍ച്ച്; നേതാക്കള്‍ കസ്റ്റഡിയില്‍

ദില്ലി: പലസ്തീനെ പിന്തുണച്ച് ദില്ലിയിലെ ഇസ്രായേൽ എംബസിയിലേക്ക് വീണ്ടും എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ മാര്‍ച്ച്. നേരത്തെ മാര്‍ച്ച് നടത്തിയിരുന്ന പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ദേശീയ നേതാക്കളായ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു, അഖിലേന്ത്യാ വൈസ് പ്രസിഡന്റ് നിതീഷ് നാരായണന്‍, ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റും എസ്എഫ്‌ഐയുടെ കേന്ദ്രകമ്മിറ്റി അംഗവുമായ ഐഷി ഘോഷ് എന്നിവരുള്‍പ്പെടെ നാല്പതോളം പേരാണ് അറസ്റ്റിലാകുന്നത്. ഇതിനുപിന്നാലെയാണ് പ്രവര്‍ത്തകര്‍ വീണ്ടും മാര്‍ച്ചുമായി എത്തിയത്.

ഇസ്രായേല്‍-പലസ്തീന്‍ വിഷയത്തില്‍ ഇന്ത്യ കാലങ്ങളായി സ്വീകരിച്ചുപോന്നിരുന്ന നിലപാട് തുടരണം എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് പലസ്തീനെ പിന്തുണച്ചാണ് വിദ്യാര്‍ത്ഥിസംഘടനാ മാര്‍ച്ച്. കൂടുതല്‍ പോലീസുകാരെയും അര്‍ധസൈനിക വിഭാഗങ്ങളെയും സ്ഥലത്തെത്തിച്ചിട്ടുണ്ട്. സംഘര്‍ഷ സാഹചര്യം കണക്കിലെടുത്ത് പ്രദേശത്ത് പോലീസ് നിരോധനജ്ഞ പ്രഖ്യാപിച്ചു. അറസ്റ്റിലായ നേതാക്കളെ പോലീസ് ദില്ലിയുടെ അതിര്‍ത്തി മേഖലകളിലെ പോലീസ് സ്റ്റേഷനുകളിലേക്ക് മാറ്റി.

നേതാക്കളുടെ അറസ്റ്റിന് പിന്നാലെ പ്രവര്‍ത്തകര്‍ വീണ്ടും പ്രതിഷേധവുമായി എത്തി. കഴിഞ്ഞ ദിവസം മാര്‍ച്ചിന് അനുമതി തേടിയിരുന്നെങ്കിലും പോലീസ് നിഷേധിക്കുകയായിരുന്നു. ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ എസ്എഫ്‌ഐ നേതാക്കളുടെ അറസ്റ്റിന് പിന്നാലെ മാര്‍ച്ചുമായി എത്തുന്നുണ്ട്. പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് വിദ്യാര്‍ത്ഥി സംഘടന മാര്‍ച്ചുമായി എത്തിയത്. പ്രദേശത്ത് പോലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇസ്രായേല്‍ എംബസി സ്ഥിതി ചെയ്യുന്ന എപിജെ അബ്ദുള്‍ കലാം റോഡിന്റെ ഇരുവശത്തും ബാരിക്കേഡുകള്‍ സ്ഥാപിച്ച് ഗതാഗതം പൂര്‍ണമായും നിരോധിച്ചു.

Related Articles

Latest Articles