എസ്എഫ്ഐയുടെ അതിക്രമത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സഞ്ചരിച്ച കാറിന്റെ പുറകിലുള്ള ഗ്ലാസിനു കേടുപാട് സംഭവിച്ച് 76,357 രൂപയുടെ നഷ്ടം സംഭവിച്ചുവെന്ന് രാജ്ഭവൻ. ഇക്കാര്യം വ്യക്തമാക്കി കൊണ്ട് രാജ്ഭവനിൽനിന്ന് ഹാജരാക്കിയ സർട്ടിഫിക്കറ്റ് പൊലീസ് റിമാൻഡ് റിപ്പോർട്ടിനൊപ്പം കോടതിയിൽ സമർപ്പിച്ചു. സംസ്ഥാനത്തെ പ്രഥമ പൗരനുനേരെയാണ് അതിക്രമം നടന്നതെന്നു കോടതി നിരീക്ഷിച്ചു.
ഗവർണർക്കെതിരെ പ്രതിഷേധിച്ച എസ്എഫ്ഐ പ്രവർത്തകർ രാഷ്ട്രീയ പ്രവർത്തകരായതിനാൽ ജാമ്യം നൽകിയാൽ രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് കേസ് ദുര്‍ബലപ്പെടുത്തുമെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കേസിലെ ആറു പ്രതികളെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (മൂന്ന്) റിമാൻഡ് ചെയ്തു. അതെ സമയം കേസിലെ ആറാം പ്രതി അമൻ ഗഫൂറിനു എൽഎല്‍ബി പരീക്ഷയുള്ളതിനാൽ ഇടക്കാല ജാമ്യം അനുവദിച്ചു.
പ്രതികൾക്ക് ഉടനടി ജാമ്യം നൽകി വിട്ടയച്ചാൽ അത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും പ്രതികൾ തുടർന്നും ഇത്തരം കുറ്റം ചെയ്യാൻ സാധ്യതയുണ്ടെന്നും . പ്രതികൾ പൊതുസ്ഥലത്ത് നിയമവ്യവസ്ഥയെ പരസ്യമായി വെല്ലുവിളിച്ചുവെന്നും പോലീസ് കോടതിയിൽ വ്യക്തമാക്കി.
പ്രതികളുടെ കുറ്റകരമായ പ്രവൃത്തി മറ്റു രാഷ്ട്രീയ സംഘടനകൾ പിന്തുടരാന്‍ സാധ്യതയുള്ളതിനാൽ ജാമ്യം നൽകരുതെന്നും പോലീസ് ആവശ്യപ്പെട്ടു.
ദില്ലിയിലേക്ക് പോകുന്നതിനായി വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെ ഇന്നലെ രാത്രിയായിരുന്നു തിരുവനന്തപുരത്ത് മൂന്നിടത്ത് വച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐ പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. ഗവർണറുടെ കാറിന്റെ ചില്ലിൽ പ്രവർത്തകർ ആഞ്ഞിടിച്ചതോടെ ഗവർണർ പുറത്തിറങ്ങി. തന്നെ കയ്യേറ്റം ചെയ്യാനുള്ള അവസരം മുഖ്യമന്ത്രി ഒരുക്കി നൽകിയെന്നു ഗവർണർ തുറന്നടിച്ചു. സംഭവത്തിൽ ഉണ്ടായത് ഗുരുതര സുരക്ഷാ വീഴ്ചയെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഗവർണർ പുറത്തിറങ്ങിയോടെ എസ്എഫ്ഐ പ്രവർത്തകർ ഓടി ഒളിച്ചു. അതിക്രമം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും ഇതാണോ എനിക്കായി ഒരുക്കുന്ന സുരക്ഷയെന്നും അദ്ദേഹം തുറന്നടിച്ചു.
സംഭവത്തിൽ കേസ് രജിസ്റ്റര്‍ ചെയ്തപ്പോള്‍ നിസ്സാര വകുപ്പുകളാണ് പ്രതികളായ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ ചുമത്തിയിരുന്നത്. ഇതില്‍ ഗവര്‍ണര്‍ കടുത്ത അസംതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് പ്രവര്‍ത്തകര്‍ക്കെതിരെ ഏഴുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പ് ചുമത്തിയത്.

