Tuesday, May 21, 2024
spot_img

പാകിസ്ഥാനിലെ സൈനിക താവളത്തിൽ ചാവേറാക്രമണം ! 23 പേർ കൊല്ലപ്പെട്ടു! ഉത്തരവാദിത്തം ഏറ്റെടുത്ത് തെഹ്രീക് ഇ താലിബാൻ

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ സൈനിക താവളത്തിൽ ചാവേറാക്രമണം. ഇന്ന് അതിരാവിലെ നടന്ന സ്ഫോടനത്തിൽ 23 പേർ കൊല്ലപ്പെട്ടുവെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം തെഹ്രീക് ഇ താലിബാൻ പാകിസ്ഥാൻ (പാകിസ്ഥാനി താലിബാൻ) ഏറ്റെടുത്തു. അഫ്ഗാനിസ്ഥാൻ അതിർത്തിക്ക് സമീപമാണ് ആക്രമണം നടന്ന സൈനികകേന്ദ്രം സ്ഥിതിചെയ്യുന്നത്. എല്ലാവരും ഉറങ്ങുന്ന സമയത്താണ് ചാവേർ പൊട്ടിത്തെറിച്ചത്. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗം പേരും സൈനിക വേഷത്തിന് പകരം സാധാരണ വേഷമാണ് ധരിച്ചിരുന്നത്. അതിനാൽ തന്നെ സൈനികരാണോ കൊല്ലപ്പെട്ടതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. 27 പേർക്ക് പരിക്കേറ്റിട്ടുണ്ട്. സ്‌കൂൾ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന താൽക്കാലിക സൈനിക താവളത്തിലേക്ക് സ്‌ഫോടക വസ്തു നിറച്ച വാഹനം ഇടിച്ചുകയറുകയായിരുന്നു.

മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് കരുതുന്നത്. താലിബാൻ അഫ്ഗാനിസ്ഥാനിൽ അധികാരത്തിലേക്ക് തിരിച്ചെത്തിയതിന് ശേഷം മേഖലയിൽ ഇത്തരം ആക്രമണങ്ങൾ പതിവാണ്. പാകിസ്ഥാൻ തന്നെ വളർത്തിയെടുത്ത ഭീകര സംഘമാണ് തെഹ്രീക് ഇ താലിബാൻ പാകിസ്ഥാൻ. 2007ൽ ബൈത്തുള്ള മെഹ്സൂദെയാണ് തെഹ്രീക് ഇ താലിബാൻ പാകിസ്ഥാൻ രൂപീകരിച്ചത്. അതിന്റെ ഇപ്പോഴത്തെ നേതാവ് നൂർ വാലി മെഹ്സൂദിന് അഫ്ഗാൻ താലിബാനോട് വ്യക്തമായ ചായ്‌വുണ്ട്. ഇവരുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ പ്രധാനം രാജ്യത്ത് ശരി അത്ത് നിയമം നടപ്പാക്കലും പാകിസ്ഥാൻ സർക്കാരിനെ അട്ടിമറിക്കുക എന്നതുമാണ്.

Related Articles

Latest Articles