Wednesday, December 24, 2025

ഗവർണർ പ്രവേശിക്കാതിരിക്കാൻ സെനറ്റ് ഹാളിന്റെ ഗേറ്റ് പൂട്ടിയിടാൻ എസ്എഫ്ഐയുടെ പാഴ്ശ്രമം ! ഭാരതാംബയുടെ ചിത്രത്തിൽ പുഷ്‌പാർച്ചന നടത്തി പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത് ഗവർണർ രാജേന്ദ്ര ആർലേക്കർ

തിരുവനന്തപുരം : കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം സെനറ്റ് ഹാളിൽ ഗവർണർ പങ്കെടുക്കുന്ന പരിപാടിയിലും. ഇതോടെ എസ്എഫ്ഐ – ഡിവൈഎഫ്ഐ,കെഎസ്‌യു പ്രവർത്തകർ സംഘടിച്ചെത്തി സെനറ്റ് ഹാൾ പൂട്ടി ഗവർണർ പരിപാടിയിൽ പങ്കെടുക്കുന്നത് തടയാൻ ശ്രമിച്ചെങ്കിലും മുൻ നിശ്ചയിച്ച പ്രകാരം തന്നെ മുഖ്യാതിഥിയായി തന്നെ ഗവർണർ പരിപാടിയിൽ പങ്കെടുത്തു. ഭാരതാംബയുടെ ചിത്രത്തിൽ പുഷ്‌പാർച്ചന നടത്തിയ ശേഷമാണ് അദ്ദേഹം വേദിയിലേക്ക് പ്രവേശിച്ചത്.

അടിയന്തരാവസ്ഥയുടെ അൻപത് ആണ്ടുകൾ എന്ന പേരിൽ ശ്രീ പദ്മനാഭ സേവാസമിതി കേരള സർവകലാശാലയുടെ സെനറ്റ് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിലാണ് ഭാരതാംബയുടെ ചിത്രം സ്ഥാപിച്ചത്. മതചിഹ്നമെന്ന് ആരോപിച്ച് രജിസ്ട്രാർ പരിപാടിക്ക് അനുമതി നിഷേധിച്ചെങ്കിലും ഭാരതാംബ ഏത് മതചിഹ്നമെന്ന് രാജ്ഭവൻ തിരിച്ചടിച്ചു.

ഗവർണർ രാജേന്ദ്ര അർലേകർ പങ്കെടുക്കുന്ന ചടങ്ങിൽ ചട്ടവിരുദ്ധമായാണ് ചിത്രം സ്ഥാപിച്ചതെന്ന് ആരോപിച്ചാണ് സിപിഎം നേതാക്കളായ സിൻഡിക്കേറ്റ് അംഗങ്ങളും എസ്എഫ്ഐ, കെഎസ്‌യു പ്രവർത്തകരും പ്രതിഷേധവുമായി എത്തിയത്. ബിജെപി അനുകൂലികൾ മറുവശത്തും സംഘടിച്ചു. സെനറ്റ് ഹാളിന് മുന്നിൽ എസ്എഫ്ഐ പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. സംഘർഷ സാഹചര്യം കണക്കിലെടുത്ത് പരിപാടിയിൽ പങ്കെടുക്കരുതെന്ന് രജിസ്ട്രാർ രാജ്‌ഭവനെ അറിയിച്ചു. എന്നാൽ പരിപാടിയിൽ പങ്കെടുക്കുമെന്ന് വ്യക്തമാക്കി ഗവർണർ വേദിയിലേക്ക് വരികയായിരുന്നു.

ചിത്രം മാറ്റണമെന്ന് പരിപാടിയിൽ പങ്കെടുക്കുന്ന സർവകലാശാല രജിസ്ട്രാറും പോലീസും നിലപാടെടുത്തിരുന്നു. ഈ ആവശ്യം അംഗീകരിക്കില്ലെന്നാണ് സംഘാടകർ വ്യക്തമാക്കിയത്.

Related Articles

Latest Articles