എലത്തൂർ:കോഴിക്കോട് ഭീകരാക്രമണക്കേസ് പ്രതി ഷാരൂഖ് സെയ്‌ഫിയെ ഇന്ന് തെളിവെടുപ്പിന് കൊണ്ടുപോയേക്കും.ശാരീരികമായ ബുദ്ധിമുട്ടുകൾ ഒന്നുംതന്നെ ഇല്ലാത്ത പ്രതി ബോധപൂർവമായ ബുദ്ധിമുട്ടുകൾ കാണിച്ച് പോലീസിനെ കുഴക്കുകയാണ് ചെയ്യുന്നത്.ഷാരൂഖ് പൂർണ ആരോഗ്യവാനാണെന്ന് മെഡിക്കൽ സംഘം റിപ്പോർട്ട് നൽകിയ സാഹചര്യത്തിലാണ് അന്വേഷണ സംഘം തെളിവെടുപ്പിന് കൊണ്ട് പോകുന്നത്.സംഭവം നടന്ന എലത്തൂർ റെയിൽവേ സ്റ്റേഷൻ, നിലവിൽ ബോഗിയുളള കണ്ണൂർ റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലായിരിക്കും ആദ്യഘട്ട തെളിവെടുപ്പ്.
അതേസമയം പ്രതി ദില്ലിയിൽ നിന്ന് കോഴിക്കോട്ടേക്കാണ് ടിക്കറ്റെടുത്തത് എന്ന് വ്യക്തമായി. ഇതോടെ കോഴിക്കോട് തന്നെ ആക്രമണം നടത്താനുറച്ചാണ് പ്രതി വന്നതെന്ന നിഗമനത്തിലാണ് പൊലീസ്. ഷൊർണൂരിൽ ഇറങ്ങി പെട്രോൾ വാങ്ങിയതും മുൻകൂട്ടി ആസൂത്രണം ചെയ്തതിന്റെ ഭാഗമായാണെന്ന് കരുതുന്നു. സംസ്ഥാനത്തെ കുറിച്ച് കൃത്യമായി അറിയാവുന്ന ഒരാളുടെ നിർദ്ദേശ പ്രകാരമാണ് ഷൊർണൂരിലെത്തി പെട്രോൾ വാങ്ങി കോഴിക്കോട് ആക്രമണം നടത്തിയതെന്നും പൊലീസ് കരുതുന്നു.

