മുംബൈ : ആത്മകഥയുടെ രണ്ടാം പതിപ്പിന്റെ പ്രകാശനത്തിനിടെ അപ്രതീക്ഷിതമായി എൻസിപി അദ്ധ്യക്ഷ സ്ഥാനം രാജിവച്ച പാർട്ടി സ്ഥാപക നേതാവ് ശരദ് പവാർ തീരുമാനം പുനഃപരിശോധിച്ചേക്കുമെന്ന് സൂചന. ഇക്കാര്യത്തിൽ ശരദ് പവാർ ഉറപ്പുനൽകിയതായി ശരദ് പവാറിന്റെ അനന്തിരവനും മഹാരാഷ്ട്ര പ്രതിപക്ഷ നേതാവുമായ അജിത് പവാര്‍ അറിയിച്ചു. രാജി പ്രഖ്യാപനത്തിന് തൊട്ട് പിന്നാലെ പവാർ അറിയിച്ചതിനു പിന്നാലെ അജിത് പവാറും ശരദ് പവാറിന്റെ മകൾ സുപ്രിയ സുളെയും അദ്ദേഹത്തെ വസതിയിലെത്തി കണ്ടിരുന്നു. രാജി വയ്ക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സന്ദർശനം എന്നാണ് വിവരം. അന്തിമ തീരുമാനം അറിയിക്കാൻ അദ്ദേഹം രണ്ടു മൂന്നു ദിവസത്തെ സാവകാശം തേടിയതായി അജിത് പവാർ വ്യക്തമാക്കി.
‘‘രാജി വച്ച തീരുമാനം പുനഃപരിശോധിക്കാനും അന്തിമ തീരുമാനം അറിയിക്കാനും അദ്ദേഹം രണ്ടോ മൂന്നോ ദിവസത്തെ സാവകാശം തേടിയിട്ടുണ്ട്’’ – രാജിക്കെതിരെ പ്രതിഷേധിക്കുന്ന പാർട്ടി പ്രവർത്തകരോടായി അജിത് പവാർ പറഞ്ഞു. തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു ഇന്ന് പവാറിന്റെ രാജി പ്രഖ്യാപനം. ഇതോടെ ഞെട്ടിയ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തീരുമാനം മാറ്റാതെ വേദി വിടില്ലെന്നു വ്യക്തമാക്കിയായിരുന്നു പ്രതിഷേധം. ആരുമായും ആലോചിക്കാതെയാണു പവാര്‍ രാജി പ്രഖ്യാപിച്ചതെന്ന് എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേല്‍ പ്രതികരിച്ചത്.
24 വർഷങ്ങൾക്ക് മുമ്പ് 1999 ൽ എൻസിപി നിലവിൽ വന്ന നാൾ മുതൽ അദ്ധ്യക്ഷ സ്ഥാനത്ത് ഏകാധിപതിയായി തുടരുകയായിരുന്നു ശരദ് പവാർ. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിനെയും ശിവസേനയേയും എന്‍സിപിയെയും ചേര്‍ത്ത് മഹാ വികാസ് അഘാഡി സര്‍ക്കാരിനു രൂപം നല്‍കി നല്‍കിയതിന് പിന്നിലെ മാസ്റ്റർ ബ്രെയിൻ ശരദ് പവാറിന്റേതായിരുന്നു.
പാർട്ടിയുടെ ഭാവി നടപടി തീരുമാനിക്കാൻ മുതിർന്ന എൻസിപി നേതാക്കളെ ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിച്ചതായി പവാർ അറിയിച്ചു. പ്രഫുൽ പട്ടേൽ, സുനിൽ തത്കരെ, പി.സി ചാക്കോ, നർഹരി സിർവാൾ, അജിത് പവാർ, സുപ്രിയ സുലെ, ജയന്ത് പാട്ടീൽ, ഛഗൻ ഭുജബൽ, ദിലീപ് വാൽസെ പാട്ടീൽ, അനിൽ ദേശ്മുഖ്, രാജേഷ് തോപ്പെ, ജിതേന്ദ്ര ഹൗദ്, ഹസൻ മുഷ്‌രിഫ്, ധനജയ് മുഡൈ, ജയദേവ് ഗെയ്‌ക്‌വാദ് എന്നിവരാണ് സമിതി അംഗങ്ങൾ.

